സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ജോലി ചെയ്യുന്ന പകുതിയിലധികം സ്ത്രീകളും തൊഴിലിടത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ജോലിക്കാരായ സ്ത്രീകളില്‍ ഏതാണ്ട് 52 ശതമാനം ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമം നേരിടുന്നതായും എന്നാല്‍ നല്ലൊരു ശതമാനം പേരും പരാതിപ്പെടാന്‍ തയാറാവുന്നില്ലെന്നും ബ്രിട്ടനിലെ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ്(ടി.യു.സി) 1500 പേരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു.
75 ശതമാനം പേരും അശ്ളീല തമാശകള്‍ കേള്‍ക്കാന്‍ നിര്‍ബന്ധിതരായെങ്കില്‍ 25 ശതമാനം ഇഷ്ടമില്ലാത്ത സ്പര്‍ശനത്തിനിരയായിട്ടുണ്ട്.എട്ടില്‍ ഒരു സ്ത്രീയും ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള സ്പര്‍ശനത്തിനോ ചുംബനത്തിനോ ഇരയായതായി പറയുന്നു. ഇവയെല്ലാം തന്നെ യു.കെയിലെ നിയമമനുസരിച്ച് ലൈംഗിക കുറ്റകൃത്യങ്ങളാണ്. ഇതുമൂലം തൊഴില്‍ ചെയ്യുന്നതിന് സ്ത്രീകള്‍ പ്രയാസം നേരിടുന്നതായി ടി.യു.സി മേധാവി ഫ്രാന്‍സസ് ഒ ഗ്രാഡി പറയുന്നു.
ഇത് മാനസികാരോഗ്യത്തെ വലിയ തോതില്‍ ബാധിക്കുന്നതായും ഗ്രാഡി ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റവാളികളില്‍ മാനേജര്‍മാരും മറ്റ് മേലധികാരികളും അടക്കമുള്ളവര്‍ ഉണ്ട്. യുവത്വത്തിലൂടെ കടന്നുപോവുന്നവരാണ് കൂടുതല്‍ അതിക്രമങ്ങള്‍ക്കും ഇരകളാവുന്നത്. 63 ശതമാനം വരും ഇത്.
ലൈംഗികാതിക്രമത്തിനിരയാവുന്ന 79 ശതമാനം പേരും ഇക്കാര്യം അവരുടെ തൊഴിലുടമയെ അറിയിക്കാത്തവരാണ്. തൊഴിലിടങ്ങളിലെ ബന്ധങ്ങളെ ബാധിക്കുമെന്ന പേടിയും ജോലിയുടെ ഭാവിയും ഒക്കെയാണ് ഇവരെ അതില്‍ നിന്ന് തടയുന്നത്. എന്നാല്‍, ഇത് അത്ര കാര്യമാക്കാത്തവരും കൂട്ടത്തിലുണ്ട്. തൊഴിലുടമകള്‍ ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ തയാറാവണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല