സ്വന്തം ലേഖകന്‍: സരോദ് മാന്ത്രികന് അംജദ് അലി ഖാന് ബ്രിട്ടന് വിസ നിഷേധിച്ച സംഭവം വിവാദമാകുന്നു. ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന പരിപാടിക്കായി പോകുന്നതിനാണ് അദ്ദേഹം വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ വിസ നിഷേധിച്ച ബ്രിട്ടന്റെ നടപടി ഞെട്ടിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവം തന്നെ ഞെട്ടിപ്പിച്ചെന്നും ബ്രിട്ടന്റെ നടപടിയില്‍ നടുക്കമുണ്ടായെന്നും അംജദ് അലീഖാന് പ്രതികരിച്ചു. 1970 മുതല്‍ വിവിധ രാജ്യങ്ങളില്‍ താന്‍ പരിപാടി അവതരിപ്പിക്കാറുള്ളതാണ്, എന്നിട്ടും തന്റെ യു.കെ വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു. സ്നേഹവും സമാധാനവും പ്രചരിപ്പിക്കുന്ന കലാകാരന്മാര്ക്ക് നേരെ ഇത്തരം നടപടിയുണ്ടായതില്‍ വലിയ ദു:ഖമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബ്രിട്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ സെപ്റ്റംബറിലാണ് അംജദ് അലി ഖാന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്.
യു.എസിലെ ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാനെ തടഞ്ഞുവെച്ചത് വിവാദമായതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും ടാഗ് ചെയ്തു കൊണ്ടാണ് അംജദ് അലി ഖാന്റെ ട്വീറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല