1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2016

സ്വന്തം ലേഖകന്‍: മലയാളികളെ പുകഴ്ത്തി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പിണറായി കട്ജുവിന് നന്ദി പറഞ്ഞത്. കേരളത്തെക്കുറിച്ച് താങ്കള്‍ എഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി.

ഒരു മലയാളി എന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും കട്ജുവിന്റെ വാക്കുകള്‍ അഭിമാനമുണ്ടാക്കുന്നുവെന്ന് പിണറായി പറഞ്ഞു. താങ്കളുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പോലെ വ്യത്യസ്ത ദേശക്കാരെയും മതവിഭാഗങ്ങളെയും സ്വീകരിക്കാനുള്ള ജനാധിപത്യ മനസ് കേരളം പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ദളിത് വിഭാഗങ്ങള്‍ കേരളത്തില്‍ വിവേചനം അനുഭവിച്ചിട്ടില്ലെന്ന കട്ജുവിന്റെ വാക്കുകള്‍ ചരിത്രപരമായി തെറ്റാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

തൊട്ടുകൂടായ്മയുടെയും ജാതി വിവേചനത്തിന്റെയും കാലം കേരളത്തില്‍ ഉണ്ടായിരുന്നു. ജാതി വിവേചനങ്ങള്‍ക്കെതിരായ ശക്തമായ സമരങ്ങളിലൂടെയാണ് ഇന്ന് കാണുന്ന കേരളം കെട്ടിപ്പെടുക്കാന്‍ സാധിച്ചത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ ചരിത്രം സമരങ്ങളുടെ ചരിത്രം കൂടിയാണെന്നും പിണറായി പറഞ്ഞു.

യഥാര്‍ഥ ഇന്ത്യക്കാര്‍ ആരാണ് എന്ന് സ്വയം ചോദിച്ചുകൊണ്ട് ഫെയിസ്ബുക്കിലിട്ട പോസ്റ്റിലാണ് മുന്‍ സുപ്രീം കോടതി ജസ്റ്റിസും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ കട്ജു മലയാളികളെ വാനോളം പുകഴ്ത്തുന്നത്. ഞാന്‍ ഒരു കശ്മീരിയാണ്. അതുകൊണ്ട് കശ്മീരികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ പൂര്‍വികര്‍ മധ്യപ്രദേശില്‍ നിന്ന് കുടിയേറിയവരാണ്. അതുകൊണ്ട് മധ്യപ്രദേശുകാരാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് പറയും.

എന്നാല്‍ എല്ലാ അര്‍ഥത്തിലും മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് മാര്‍ക്കണ്ഡേയ കട്ജു തുടരുന്നു. യഥാര്‍ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണ്. കുടിയേറ്റക്കാരുടെ നാടാണ് ഇന്ത്യ. എന്തിനേയും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷത. ബാഹ്യമായതിനെ പോലും സ്വീകരിക്കാന്‍ അവര്‍ക്ക് മടിയില്ല. അതിപ്പോള്‍ ദ്രാവിഡരോ ആര്യന്മാരോ റോമന്‍സോ അറബുകളോ ബ്രിട്ടീഷുകാരോ, ഹിന്ദുക്കളോ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ മാര്‍ക്‌സിസ്റ്റുകളോ ആരെയും അവര്‍ സ്വീകരിക്കും ഉള്‍ക്കൊള്ളും. അതാണ് കേരളീയര്‍കട്ജു പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.