സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ജമൈക്കന്‍ ഇടിമിന്നല്‍, വേഗത്തിന്റെ രാജാവായി ഉസൈന്‍ ബോള്‍ട്ടും റാണിയായി എലെയ്ന്‍ തോംസണും. റിയോ ഒളിമ്പിക്‌സ് ട്രാക്കിനെ പ്രകമ്പനം കൊള്ളിച്ച് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണമണിഞ്ഞു. പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനലില്‍ 9.81 സെക്കന്റ് സമയത്തിലാണ് ബോള്‍ട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക് സ്വര്‍ണമാണ് ഉസൈന്‍ ബോള്‍ട്ട് റിയോയില്‍ സ്വന്തമാക്കിയത്.
വേഗത്തിന്റെ റാണിയായത് ജമൈക്കയുടെ തന്നെ ഇടിമിന്നല്‍ എലെയ്ന്‍ തോംസണ്‍. 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്റിലാണ് എലെയ്ന്‍ ഒന്നാമതെത്തിയത്. യു.എസിന്റെ ടോറി ബോവിക്കാണ് വെള്ളി. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രോസറര്‍ വെങ്കലവും സ്വന്തമാക്കി.
മുമ്പത്തെ രണ്ട് ഒളിമ്പിക്‌സിലും സ്വര്‍ണ്ണം നേടിയ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രോസര്‍ തന്നെ ഇത്തവണയും സ്വര്‍ണ്ണം നേടുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മികച്ച പ്രകടനത്തിലൂടെ ജമൈക്കയുടെ തന്നെ എലെയ്ന്‍ വേഗറാണിയാവുകയായിരുന്നു.
100 മീറ്ററില്‍ മുമ്പ് വലിയ വിജയങ്ങളൊന്നുമില്ലെങ്കിലും രാജ്യതാത്പര്യം മാനിച്ചാണ് എലെയ്ന്‍ ഒളിമ്പിക്‌സില്‍ ഈയിനത്തില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയത്. ഒടുവിലത് ഒളിമ്പിക് ചരിത്രത്തില്‍ ഇടംനേടുകയും ചെയ്തു.
അതേസമയം മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ജിംനാസ്റ്റിക്‌സ് വനിതാ വിഭാഗം വോള്‍ട്ട് ഫൈനലില്‍ ഇന്ത്യന്‍ താരം ദിപ കര്‍മാക്കര്‍ക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പേടേണ്ടിവന്നു. എട്ട് പേര്‍ മത്സരിച്ച ഫൈനലില്‍ 15.066 പോയിന്റ് നേടിയാണ് ദിപ നാലാമതെത്തിയത്.
അമേരിക്കയുടെ സിമോണ്‍ ബെയ്ല്‍സ് 15.966 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചതോടെ ദിപ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. സിമോണ ബെയ്ല്‍സ് റിയോയിലെ ട്രിപ്പ്ള്‍ സ്വര്‍ണം നേടിയപ്പോള്‍ വെള്ളി റഷ്യയുടെ മരിയ പസേക്കയ്ക്കാണ് (15.253). സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഗ്യുലിയ സ്റ്റെയിന്‍ഗുര്‍ബെര്‍ 15.216 പോയിന്റുമായി വെങ്കലം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല