1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2011

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിവേട്ടയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയത് ഏതാണ്ട് 20000 കോടി രൂപ വിലമതിയ്ക്കുന്ന നിധിശേഖരം. അറബിക്കഥക്കളെ വെല്ലുന്ന ദൃശ്യങ്ങളാണ് ക്ഷേത്രത്തിലെ രഹസ്യനിലവറകള്‍ പരിശോധിയ്ക്കാനെത്തിയവര്‍ക്ക് കാണാനായത്. ടണ്‍കണക്കിന് സ്വര്‍ണവും ചാക്കുകളില്‍ സൂക്ഷിച്ച രത്‌നശേഖരവുമെല്ലാം വ്യാഴാഴ്ചത്തെ പരിശോധനയില്‍ കണ്ടെത്തി. സമയക്കുറവ് മൂലം വ്യാഴാഴ്ച കണ്ടെത്തിയ നിധി ശേഖരത്തിന്റെ 30 ശതമാനം മാത്രമാണ് പരിശോധിച്ചത്.

നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ തെക്കെ മൂലയിലുള്ള ശ്രീപണ്ടാരവക നിലവറയിലെ ഭൂഗര്‍ഭ അറയില്‍ നിന്നാണ് വിലമതിയ്ക്കനാവാത്ത നിധി കണ്ടെത്തിയത്. നൂറ് കണക്കിന് സ്വര്‍ണമാലകള്‍, ഒരു ടണ്ണോളം വരുന്ന സ്വര്‍ണക്കതിര്‍, സ്വര്‍ണ ദണ്ഡുകള്‍, രത്‌നങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ശരപ്പൊളി മാലകളില്‍ ഒന്നിന് പത്തര കിലോ ഭാരവും 18 അടി നീളവുമുണ്ട്.

സ്വര്‍ണക്കിരീടം, സ്വര്‍ണവിഗ്രഹങ്ങള്‍, കോടികള്‍ വിലമതിയ്ക്കുന്ന രത്‌നങ്ങള്‍, മരതകവും മാണിക്യവും പതിച്ച മാലകള്‍, കിലോക്കണക്കിന് ഭാരമുള്ള സ്വര്‍ണ അരപ്പട്ടകളും പരിശോധനയില്‍ ലഭിച്ചു. ലഭിച്ചതില്‍ ഒരു വജ്രത്തിന് മാത്രം 50 കോടിയോളം വിലവരുമെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 18 വലിയ വജ്രങ്ങളും 45 ചെറിയ വജ്രങ്ങളും പതിച്ചതാണ് ഡച്ച് കാശിമാല. ഒരു ലക്ഷത്തോളം വരുന്ന സ്വര്‍ണം, വെള്ളിനാണയങ്ങള്‍, വജ്രങ്ങള്‍ പതിച്ച വീരശൃംഖല, അരപ്പട്ട, സ്വര്‍ണരാശി, വെള്ളി രാശി, ശ്രീപത്മനാഭന്റെ സ്വര്‍ണ വിഗ്രഹം എന്നിവയും വ്യാഴാഴ്ച ലഭിച്ചവയില്‍പെടുന്നു.

കണ്ടെത്തിയ നിധി ശേഖരം സൂക്ഷിയ്ക്കാന്‍ അറുപത്തിയഞ്ച് ചാക്കുകളും മൂന്ന് വലിയ ഇരുമ്പ് പെട്ടികളും വേണ്ടിവന്നുവവെന്ന് അറിയുമ്പോള്‍ തന്നെ നിധിശേഖരം എത്രയുണ്ടെന്ന് വ്യക്തമാവും. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജൂണ്‍ 27ന് നിലവറകള്‍ തുറന്ന് പരിശോധിയ്ക്കാന്‍ ആരംഭിച്ചത്. ഇതുവരെ നാല് അറകള്‍ തുറന്നു. ഇനി ഒന്ന് കൂടി തുറക്കാനുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.