സ്വന്തം ലേഖകന്‍: ‘പിന്നെയും’, ഇടവേളക്കു ശേഷം ഒരു അടൂര്‍ ഗോപാലകൃഷ്ണന് ചിത്രം വരുന്നു, ഒപ്പം ദിലീപും കാവ്യയും. ആഗസ്റ്റ് 19 നാണ് അടൂരിന്റെ പുതിയ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ദിലീപ് കാവ്യ മാധവന് എന്നിവര്‍ക്കൊപ്പം മറാത്തി നടന് സുബോധ് ഭാവെയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മലയാളം സംസാരിക്കുന്നവര്‍ക്കു മാത്രമുള്ളതല്ല മലയാളം സിനിമയെന്ന് ചിത്രത്തിന്റെ റിലീസിനു മുന്നോടിയായുള്ള മുഖാമുഖത്തില്‍ അടൂര്‍ വ്യക്തമാക്കി. എല്ലാ ഭാഷകളിലേയും സിനിമകള്‍ക്ക് എല്ലാ ദേശങ്ങളിലും കാഴ്ചക്കാരുണ്ടാകണം. ഇത്തരം തടസ്സം മറികടന്ന ഏക ചലച്ചിത്രകാരന് സത്യജിത് റേ മാത്രമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സത്യജിത് റേയെ ആരും ബംഗാളി ചലച്ചിത്രകാരന് എന്നു വിളിക്കാറില്ല. മറിച്ച് ഇന്ത്യന്‍ ചലച്ചിത്രകാരന് എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ‘ഗേറ്റ് വേ ലിറ്റ് ഫെസ്റ്റില്‍’ സംസാരിക്കുകയായിരുന്നു അടൂര്‍. ദേശീയ സിനിമയെന്ന് കേള്‍ക്കുമ്പോഴേ ജനങ്ങള്‍ ചിന്തിക്കുന്നത് ഹിന്ദി സിനിമയെക്കുറിച്ചാണ്. ഇന്ത്യയില്‍ നിരവധി ഭാഷകളില്‍ ഒന്നു മാത്രമാണ് ഹിന്ദി. മറ്റു ഭാഷകളിലെ സിനിമകളെ ‘പ്രാദേശിക സിനിമ’ എന്നു വിളിക്കുന്നു. എന്നാല്‍, രാജ്യത്തു നിര്‍മ്മിക്കുന്ന എല്ലാ സിനിമകളും ദേശീയ സിനിമകളാണെന്നും മറ്റു ഭാഷകളിലേയും ദേശങ്ങളിലേയും സിനിമകള്‍ കാണാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. മലയാളം സംസാരിക്കുന്നവര്‍ക്കു മാത്രമുള്ളതല്ല മലയാളം സിനിമ എന്ന ആഗ്രഹത്തില്‍ തന്റെ പുതിയ സിനിമയായ ‘പിന്നെയും’ ഉത്തരേന്ത്യന്‍ നഗരങ്ങളടക്കം വിശാല റിലീസ് ചെയ്തിരിക്കുകയാണ്. രാജ്യത്തെ മെട്രോ സിറ്റികളിലും തന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പോകുന്നവെന്നതും അടൂര്‍ ചൂണ്ടിക്കാട്ടി. നേരത്തെ തിരുവനന്തപുരം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ സിനിമ അവസാനിപ്പിച്ചോ, സ്റ്റോക്ക് തീര്‍ന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് തന്റെ പുതിയ സിനിമ ‘പിന്നെയും’ മെന്ന് അടൂര്‍ പറഞ്ഞിരുന്നു. സംവിധാനം മതിയാക്കിയോ എന്ന് പലരും ചോദിക്കാറുണ്ട്. നമ്മുടെ ജീവിതത്തില്‍ പിന്നെയും ആഗ്രഹം ശേഷിക്കുന്നു. അതിനാലാണ് 12 മത്തെ സിനിമയ്ക്ക് ഈ പേര് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതകാലത്തെ സമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കുന്നതാണ് ‘പിന്നെയും’. പഴയകാലത്തെ സംഭവങ്ങള്‍ പുതിയ പ്രേക്ഷകനും ഇഷ്ടപ്പെടുന്നവിധത്തിലാണ് സിനിമയെടുത്തിരിക്കുന്നതെന്നും അടൂര്‍ പറഞ്ഞു. ‘പിന്നെയും’ ട്രെയിലര്‍ കാണാം…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല