പ്രവാസികളായ കത്തോലിക്ക് വിശ്വാസികള്‍ എല്ലാ തലങ്ങളിലും പ്രേഷിതരായി മാറണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാരന്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ദൈവത്തെപ്പറ്റിയുള്ള വിശ്വാസ തീഷ്ണതയില്‍ എരിഞ്ഞുകൊണ്ടിരിക്കണം. നമ്മുടെ സമ്പര്‍ക്കം കൊണ്ട് മറ്റുള്ളവര്‍ക്ക് വിശ്വാസം പകര്‍ന്നുകൊടുക്കാന്‍ കഴിയണം. ബര്‍മിങ്ങാം അതിരൂപതയിലെ പ്രാര്‍ത്ഥന ഗ്രൂപ്പ് ലീഡര്‍മാര്‍ക്കുള്ള ധ്യാന പരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു പിതാവ്.
ജൂലൈ 2ന് ബര്‍മിങ്ങാമില്‍ നടക്കുന്ന സീറോ മലബാര്‍ സഭ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും എത്തിയതായിരുന്നു ബിഷപ്പ്. എമിറേറ്റ്സ് വിമാനത്തില്‍ ബര്‍മിങ്ങാം വിമാനത്താവളത്തിലെത്തിയ പിതാവിനെ സീറോ മലബാര്‍ സഭ ബര്‍മിങ്ങാം അതിരൂപത ചാപ്ലിന് ഫാദര്‍ സോജി ഓലിക്കല്‍, ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ബാല്‍സാല്‍ കോമണ്‍ പള്ളിയില്‍ നടന്ന വിശുദ്ധ ബലിക്ക് പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
1989ല്‍ റോമില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ബര്‍മിങ്ങാം സന്ദര്‍ശിച്ചിരുന്നെന്ന് പിതാവ് ഓര്‍മ്മപ്പെടുത്തി. ജൂലൈ 2ന് ശനിയാഴ്ച ബര്‍മിങ്ങാം സിറ്റി സെന്ററിനടുത്തുള്ള സെന്റ് കാതറീന്‍സ് പള്ളിയില്‍ വെച്ച് നടക്കുന്ന സീറോ മലബാര്‍ സഭ രണ്ടാമത് കണ്‍വെന്‍ഷനില്‍ ബിഷപ്പ് മുഖ്യാതിഥിയായി പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല