സ്വന്തം ലേഖകന്‍: റിയോയില്‍ ഇന്ത്യയുടെ മെഡല്‍ ദേവതയായ സാക്ഷി മാലിക്കിനെ കാത്തിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ സമ്മാന പെരുമഴ. കോടിക്കണക്കിന് രൂപയുടെ സമ്മാന വാഗ്ദാനങ്ങളാണ് ഈ ഇരുപത്തിമൂന്നുകാരിയെ തേടിയെത്തിയിരിക്കുന്നത്. വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിലായിരുന്നു സാക്ഷി മാലിക്കിന്റെ അപ്രതീക്ഷിത വെങ്കല നേട്ടം. കിര്‍ഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവയെ മലര്‍ത്തിയടിച്ചാണ് സാക്ഷി വെങ്കലം സ്വന്തമാക്കിയത്.
മെഡല്‍ നേടിയതോടെ ഹരിയാന സര്‍ക്കാര്‍ രണ്ടരക്കോടി രൂപയും ജോലിയും വീട് വെക്കാന്‍ സ്ഥലവുമാണ് സാക്ഷി മാലിക്കിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. മെഡല്‍ നേടുന്ന ഹരിയാന താരങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പ്രതിഫലമാണിത്. സ്വര്‍ണം നേടുന്നവര്‍ക്ക് 6 കോടിയും വെള്ളി നേടുന്നവര്‍ക്ക് 4 കോടിയും വെങ്കല ജേതാക്കള്‍ക്ക് 2 കോടിയുമായിരുന്നു ഹരിയാന സര്‍ക്കാരിന്റെ വാഗ്ദാനം.
ഇന്ത്യന്‍ റെയില്‍വേ അന്‍പത് ലക്ഷം രൂപ സാക്ഷി മാലിക്കിന് സമ്മാനിക്കും. സ്വര്‍ണ്ണ ജേതാവിന് ഒരു കോടി രൂപയും വെള്ളി ജേതാവിന് 75 ലക്ഷവും വെങ്കല ജേതാവിന് 50 ലക്ഷവുമാണ് റെയില്‍വേ സമ്മാനത്തുക പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ വക 20 ലക്ഷം രൂപയാണ് സാക്ഷിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രമുഖ കമ്പനിയായ ജെ.എസ്.ഡബ്ല്യു 15 ലക്ഷം രൂപ സമ്മാനിക്കും. ഇതിനൊക്കെ പുറമേ ബോളിവുഡ് നടന് സല്മാന് ഖാന്റെ ഒരു ലക്ഷവും സാക്ഷി മാലികിന് ലഭിക്കും. കൂടാതെ നിരവധി കമ്പനികള്‍ ഉടന്‍ തന്നെ സാക്ഷിക്ക് സമ്മാനത്തുക പ്രഖ്യാപിക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല