1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2016

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിനെ ഭാര്യയും കാമുകനും കൊലപ്പെടുത്തിയത് സയനൈഡ് നല്‍കി, കൊല ആസൂത്രിതമെന്ന് പോലീസ്. പുനലൂര്‍ സ്വദേശിയായ സാം ഏബ്രഹാം (33) മരിച്ചത് ഭാര്യ സോഫിയ (32) യും കാമുകന്‍ അരുണ്‍ കമലാസന (34) നും ചേര്‍ന്ന് ഭക്ഷണത്തില്‍ സയെനെഡ് കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണെന്ന് അന്വേഷകസംഘം കണ്ടെത്തി. മുമ്പ് ഒരുവട്ടം സാമിനെ വധിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതായും തുടര്‍ന്നാണ് ഇരുവരും സയെനെഡ് പദ്ധതി ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ ഭാര്യയും കാമുകനും പോലീസ് പിടിയിലായിരുന്നു. കഴിഞ്ഞ ഒക്‌ടോബറിലാണ് മെല്‍ബണിലെ യു.എ.ഇ. എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ മെല്‍ബണിനു പ്രാന്തപ്രദേശമായ എപ്പിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങുകയും ചെയ്തു. ഇതിനിടെ മരണം സംബന്ധിച്ച് ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

സോഫിയയുടെ മൊെബെല്‍ ഫോണ്‍ വിശദാംശങ്ങള്‍ കേസില്‍ നിര്‍ണായകമായി. അരുണും സോഫിയയും െകെമാറിയിരുന്ന ഫോണ്‍ സന്ദേശങ്ങളടക്കമുള്ളവ പരിശോധിച്ചതോടെ സാമിന്റെ മരണം കൊലപാതകമാണെന്നു വ്യക്തമായി. തുടര്‍ന്ന് കഴിഞ്ഞയാഴ്ച സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. ഇതിനിടെ സാമിനെ വധിക്കാന്‍ മുമ്പും ഇരുവരും ശ്രമം നടത്തിയിരുന്നതായും കണ്ടെത്തി.

സാം മരിക്കുന്നതിനു മൂന്നുമാസം മുമ്പായിരുന്നു ഇത്. ലാലര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം സ്വന്തം കാറിനുള്ളില്‍ സാമിനുനേരേ മുഖംമൂടി ആക്രമണം നടത്തിയത് അരുണാണെന്നാണു പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. അന്ന് കഴുത്തിലും നെറ്റിയിലും കവിളിലും ഉള്‍പ്പെടെ പരുക്കേറ്റെങ്കിലും സാം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആക്രമണത്തിനിടെ നിലവിളിച്ചതാണ് തനിക്കു രക്ഷയായതെന്ന് സംഭവശേഷം സാം മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തിയിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കേസ് ഇനി പരിഗണിക്കുന്ന അടുത്ത വര്‍ഷം ഫെബ്രുവരി 13 വരെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവുകള്‍ക്കായി പ്രതികളുടെ മലയാളത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും പരിശോധിക്കാന്‍ സമയം ആവശ്യമാണെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കേസ് പരിഗണിക്കുന്നത് അടുത്ത ഫെബ്രുവരിയിലേക്കു മാറ്റിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.