സ്വന്തം ലേഖകന്‍: ലോക കായിക മാമാങ്കത്തിന് റിയോയില്‍ കൊടിയിറക്കം, നിരാശയുമായി ഇന്ത്യന്‍ സംഘം. ലോകത്തിലെ മികവുറ്റ താരങ്ങള്‍ മാറ്റുരച്ച പതിനാറു ദിവസങ്ങള്‍ക്കു ശേഷമാണ് ഒളിമ്പിക്സിന് കൊടിയിറങ്ങുന്നത്. വര്‍ണാഭമായ ചടങ്ങുകളോടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30 നാണ് സമാപനച്ചടങ്ങുകള്‍ ആരംഭിച്ചത്.
ഇന്ത്യക്കു റിയോ ഒളിമ്പിക്സില്‍ ആദ്യ മെഡല്‍ സമ്മാനിച്ച സാക്ഷി മാലിക്കാണ് സമാപന ചടങ്ങില്‍ ദേശീയ പതാകയേന്തിയത്. ബ്രസീലിന്റെ പരമ്പരാഗത നൃത്തരൂപങ്ങള്‍ വിസ്മയം തീര്‍ത്ത മാര്‍ച്ച് പാസ്റ്റില്‍ ജപ്പാന്റെ കലാപരിപാടികളും ഉണ്ടായിരുന്നു. ടോക്കിയോയിലാണ് അടുത്ത ഒളിമ്പിക്സ്.
46 സ്വര്‍ണവും 37 വെള്ളിയും 38 വെങ്കലവുമായി അമേരിക്കയാണ് ചാമ്പ്യന്മാരായത്. ചൈനയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രിട്ടന് രണ്ടാമതെത്തി. 27 സ്വര്‍ണവും 23 വെള്ളിയും 17 വെങ്കലവുമാണ് ബ്രിട്ടന് നേടിയത്. ബെയ്ജിംഗ് ഒളിമ്പിക്സിലെ ചാമ്പ്യന്മാരായ ചൈനയ്ക്ക് 26 സ്വര്‍ണമാണ് ലഭിച്ചത്. ഒന്നു വീതം വെള്ളിയും വെങ്കലവും നേടിയ ഇന്ത്യയ്ക്ക് 67 ആം സ്ഥാനവും ലഭിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് സംഘത്തെ അയച്ച ഇന്ത്യക്ക് റിയോ നല്‍കിയത് നിരാശമാത്രമായിരുന്നു. ബാഡ്മിന്റണില്‍ പി.വി. സിന്ധുവിലൂടെ നേടിയ ഒരു വെള്ളിയും വനിതാ ഗുസ്തിയില്‍ സാക്ഷിയുടെ വെങ്കവും മാത്രമാണ് ഇന്ത്യയുടെ നേട്ടം.
ഇവര്‍ക്കു മുമ്പ് ജിംനാസ്റ്റിക്സില്‍ നാലാം സ്ഥാനത്തേക്കു തള്ളപ്പെട്ടുപോയ ദിപ കര്‍മാക്കറുടെ പ്രകടനം മാത്രമായിരുന്നു ഇന്ത്യക്ക് അഭിമാനം നല്‍കിയത്. മെഡല്‍ ഉറപ്പുമായി റിയോയിലെത്തിയ ഇന്ത്യയുടെ പലതാരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തി മടങ്ങുന്നതും റിയോയിലെ പതിവു കാഴ്ചയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല