സ്വന്തം ലേഖകന്‍: പിവി സിന്ധുവിനും സാക്ഷി മാലികിനും ദീപാ കര്‍മാകര്‍ക്കും ജിത്തു റായിക്കും ഖേല്‍രത്ന പുരസ്കാരം. റിയോ ഒളിംപിക്സില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ പി.വി സിന്ധു, ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്സില്‍ നാലാം സ്ഥാനം നേടിയ ദീപ കര്‍മാകര്‍, ഷൂട്ടിംഗ് താരം ജിത്തു റായ് എന്നിവര്‍ക്കൊപ്പം ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് രാഷ്ട്രീയ ഖേല്‍ പുരസ്കാരം നേടി. രാജ്യത്തെ കായിക താരങ്ങള്‍ക്ക് നല്കുന്ന പരമോന്നത ബഹുമതിയാണ് ഖേല്‍രത്ന.
ദീപ കര്‍മാകറിന്റെ പരിശീലകന് ബിശ്വേശ്വര് നന്ദിയെ ദ്രോണാചാര്യ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. നാഗ്പുരി രമേഷ് (അത്ലറ്റിക്സ്), സാഗര്‍ മാല് ദയാല്‍ (ബോക്സിംഗ്), രാജ്കുമാര് ശര്‍മ (ക്രിക്കറ്റ്), എസ്. പ്രദീപ് കുമാര്‍ (നീന്തല്‍), മഹാബീര് സിംഗ് (റെസ്ലിംഗ്) എന്നിവര്‍ക്കും ദ്രോണാചാര്യ പുരസ്കാരം ലഭിക്കും.
രജത് ചൗഹാന് (അമ്പെയ്ത്ത്), ലളിത ബാബര്‍ (അത്ലറ്റിക്സ്), സൗരവ് കോത്താരി (ബില്ല്യാര്‍ഡ്സ്), ശിവ താപ്പ (ബോക്സിംഗ്), അജിങ്ക്യ രഹാന (ക്രിക്കറ്റ്), സുബ്രത പോള്‍ (ഫുട്ബോള്‍) തുടങ്ങി പതിനഞ്ച് കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിനായി തെരഞ്ഞെടുത്തു. ധ്യാന്‍ചന്ദ് പുരസ്കാരത്തിന് സതി ഗീത (അത്ലറ്റിക്സ്), സില്‍വനസ് ഡംഗ് (ഹോക്കി), രാജേന്ദ്ര പ്രഹ്ളാദ് ഷെല്‍ക്കെ (റോവിംഗ്) എന്നിവരെയും തെരഞ്ഞെടുത്തു.
ഡല്‍ഹി ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് എസ്.കെ അഗര്‍വാളിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ഖേല്രത്നഅര്ജുന അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ദ്രോണാചാര്യ പുരസ്കാരവും ധ്യാന്‍ചന്ദ് പുരസ്കാരവും മേരി കോമിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് നിര്‍ണ്ണയിച്ചത്. ഓഗസ്റ്റ് 29ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല