സ്വന്തം ലേഖകന്‍: മത്സരത്തിന്ടെ കുടിവെള്ളം പോലും നല്‍കിയില്ലെന്ന ഒളിമ്പ്യന്‍ ഒപി ജെയ്ഷയുടെ ആരോപണത്തില്‍ കേന്ദ്ര കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു, ഇരുട്ടില്‍ തപ്പി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ. ഒരാഴ്ചയ്ക്കകം സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്കി.
ഒളിംപിക്സ് മാരത്തണില്‍ 42 കിലോമീറ്ററില്‍ ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും അത്ലറ്റുകള്‍ക്കായി വെള്ളവും ഗ്ലൂക്കോസും എനര്‍ജി ഡ്രിങ്കും നല്കാന് അനുമതിയുണ്ട്. എന്നാല്‍ ഒ.പി ജെയ്ഷയ്ക്ക് ഇന്ത്യന്‍ അധികൃതര്‍ ഈ സൗകര്യം നല്‍കിയില്ലെന്നാണ് ആരോപണം. ഇന്ത്യന്‍ ഡസ്ക്കില്‍ രാജ്യത്തിന്റെ പേരെഴുതിയ ബോര്‍ഡും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലും കരുതിയിരുന്നില്ല. ജെയ്ഷയുടെ ഈ വെളിപ്പെടുത്തല്‍ വിവാദമായപ്പോഴാണ് കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ ജെയ്ഷയുടെ ആരോപണം നിഷേധിച്ചിരുന്നു. ജെയ്ഷ വെള്ളം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് ഫെഡറേഷന്റെ വിശദീകരണം. ജെയ്ഷ മത്സരത്തിനിടെ എനര്‍ജി ഡ്രിങ്കുകളോ വെള്ളമോ ആവശ്യപ്പെട്ടിരുന്നില്ലെന്ന് എ.എഫ്.ഐ ആരോപിച്ചു. മത്സരത്തിനിടെ താരങ്ങള്‍ അധികമായി ഒന്നും കഴിക്കാറില്ലെന്നും അതിനാല്‍ ഒന്നും കരുതേണ്ട കാര്യമില്ലെന്നും ജെയ്ഷയുടെ കോച്ച് നികോളെ പറഞ്ഞിരുന്നു. താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ തങ്ങള്‍ പാസ് എടുത്തിരുന്നു. എന്നാല്‍ കോച്ച് നിരസിച്ചതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് എ.എഫ്.ഐ സെക്രട്ടറി സി.കെ വല്‍സണ്‍ വ്യക്തമാക്കി.
ജെയ്ഷ 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിയോ മാരത്തണില്‍ ഫിനിഷിംഗ് പോയിന്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മാരത്തന്‍ മത്സരങ്ങളില്‍ ഓരോ 2.5 കിലോമീറ്ററിലും അതാതു രാജ്യങ്ങള്‍ താരങ്ങള്‍ക്കു വേണ്ട ഭക്ഷണവും വെള്ളവും ഒരുക്കണമെന്നാണ് വ്യവസ്ഥ. എട്ടു കിലോമീറ്റര്‍ ഇടവേളകളില്‍ ഒളിമ്പക്സ് സംഘടാകരും വെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കും. എന്നാല്‍ എ.എഫ്.ഐ താരങ്ങള്‍ക്ക് ഒരു സൗകര്യവും ഒരുക്കിയില്ലെന്ന് മാത്രമല്ല കുഴഞ്ഞുവീണ ജെയ്ഷയെ നോക്കാന്‍ ഇന്ത്യന്‍ സംഘത്തിലെ ഡോക്ടര്‍പോലും സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു താരവും കോച്ചുമാണ് ജെയ്ഷയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല