ബാര്‍ബഡോസ്: 33-ാം ടെസ്റ്റ് കളിക്കുന്ന യുവ പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മയുടെ മികവില്‍ ബാര്‍ബഡോസ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 11 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 201നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ ഇഷാന്തിന്റെ മികച്ച ബൗളിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ 190റണ്‍സിന് പുറത്താക്കി. ഇഷാന്ത് 21.5 ഓവറില്‍ 55 റണ്‍സ് വഴങ്ങി 6 വിക്കറ്റ് എറിഞ്ഞിട്ടു. തലേദിവസം പുറത്താവാതെ നിന്ന മധ്യ നിരതാരം മര്‍ലോണ്‍ സാമുവല്‍സിന്റെ അര്‍ദ്ധസെഞ്ചുറിയായിരുന്നു ഇന്ത്യന്സ്കോറിന്റെ അടുത്തെങ്കിലുമെത്താന്‍ വിന്‍ഡീസിനെ സഹായിച്ചത്.രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ മഴ കാരണം നേരത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 23 റണ്‍സ് എടുത്തിട്ടുണ്ട്.
മഴ കാരണം മൂന്നാം ദിവസവും കളി 45 മിനിട്ട് വൈകിയാണ് തുടങ്ങിയത്. 5 വിക്കറ്റിന് 98 റന്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി പുനരാരംഭിച്ച വിന്‍ഡീസിനായി തലേദിവസം പുറത്താവാതെ നിന്ന സാമുവല്‍സും ചന്ദര്‍പോളും പ്രതിരോധത്തിലൂന്നിയ കളിയാണ് പുറത്തെയുടുത്തത്. ആറാം വിക്കറ്റിലിരുവരും 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഉച്ചഭക്ഷണത്തിനു തൊട്ടുമുമ്പ് ചന്ദര്‍പോള്‍ പുറത്തായി. അഭിമന്യു മിഥുനാണ് ചന്ദര്‍പോളിന്റെ വിക്കറ്റെടുത്തത്. പിന്നീടെത്തിയ ബോയെ രണ്ടു റണ്‍സിനു ഹര്ബജന് പവലിയനിലേക്കയച്ചു. ക്യാപ്റ്റന്‍ സമിയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ഇഷാന്ത് രാംപാലിന് വിജയ്യുടെ കൈകളിലെത്തിച്ചു. അവസാന ബാറ്റ്സ്മാന് എഡ്വാര്ഡിനെ പൂജ്യത്തിന് പുറത്താക്കി ഇഷാന്ത് വിന്‍ഡീസ് ഇന്നിംഗ്സിനേ തിരശ്ശീലയിടുമ്പോള്‍ മറുവശത്ത് 78 റണ്‍സുമായി സാമുവല്‍സ് പുറത്താകാതെ നില്ക്കുന്നുണ്ടായിരുന്നു. ഇന്ത്യക്കായി 6 വിക്കറ്റ് നേടിയ ഇഷാന്ത് ഷര്മ്മക്ക് പുറമെ ആദ്യ ടെസ്റ്റ് കളിക്കുന്ന അഭിമന്യു മിഥുന് 2 വിക്കറ്റ് വീഴ്ത്തി. ശേഷിച്ച 2 വിക്കറ്റ് പ്രവീണ്‍ കുമാറും ഹര്‍ബജനും പങ്കിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല