സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മുസ്ലിം സ്ത്രീയുടെ നീന്തല്‍ വസ്ത്രം പൊലീസ് നിര്‍ബന്ധിപ്പിച്ച് അഴിപ്പിക്കുന്ന ചിത്രം വിവാദമാകുന്നു, ബുര്‍ക്കിനി നിരോധനത്തെ പിന്തുണച്ച് നികോളാസ് സര്‍ക്കോസി രംഗത്ത്. കഴിഞ്ഞ ദിവസം പാരീസിലെ നീസ് ബീച്ചിലായിരുന്നു സംഭവം. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ത്രീ തന്റ മുഴുക്കൈ വസ്ത്രം നീക്കുന്നതാണ് ചിത്രത്തിലുള്ളത്. ഫ്രാന്‍സില്‍ അടുത്തിടെയുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിരവധി നഗരങ്ങളില്‍ ബുര്‍ക്കിനി ധരിക്കുന്നത് അധികൃതര്‍ നിരോധിച്ചത്.
ബുര്‍ക്കിനി ധരിക്കുന്നത് രാഷ്ട്രീയ നടപടിയുടെ ഭാഗമായിട്ടാണെന്നും താന്‍ പ്രസിഡന്റായാല്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ മതവുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും നിരോധിക്കുമെന്നും മുന്‍ പ്രസിഡന്റ് നികോളസ് സര്‍കോസി പറഞ്ഞു. വസ്ത്രധാരണത്തിന്റെ വിഷയം മാത്രമല്ല. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. പ്രകോപനപരമായ കാര്യമാണിത്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ ശിരോവസ്ത്രം ധരിക്കാതിരിക്കുന്നത് പൊതു തിന്മയാണെന്ന തെറ്റായ ധാരണ മുസ്ലിം പെണ്‍കുട്ടികളില്‍ ഉണ്ടാവുമെന്നും സര്‍കോസി പറഞ്ഞു.
അതിനിടെ 26 നഗരങ്ങളിലെ ബുര്‍കിനി നിരോധത്തെക്കുറിച്ച് പഠിക്കാന്‍ ഫ്രാന്‍സിലെ ഉന്നതതല കോടതി തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ബുര്‍കിനി നിരോധത്തിന്റെ മറവില്‍ നീസില്‍ മുസ്ലിം സ്ത്രീയുടെ വസ്ത്രമഴിപ്പിച്ച പൊലീസ് നടപടി ലോകവ്യാപകമായി ആശങ്കയുയര്‍ത്തിയ സാഹചര്യത്തിലാണിത്. ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ ബുര്‍കിനി നിരോധം സാമുദായിക കലാപത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്. സ്ത്രീകളെ അടിമത്തത്തിലേക്ക് നയിക്കുകയാണ് ബുര്‍കിനിയെന്ന് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ് ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിനിടെ പറഞ്ഞു
അതേസമയം ബുര്‍ക്കിനി വിലക്കിനെതിരെ ഹ്യൂമന്‍ റൈറ്റ്സ് ലീഗ് നീസ് കോടതിയില്‍ ഹരജി നല്കി. മൗലികാവകാശങ്ങളുടെ മേലുള്ള ഗുരുതരവും അന്യായവുമായ അക്രമണമാണിതെന്നാണ് ലീഗ് ഹര്‍ജിയില്‍ ആരോപിച്ചു. അടുത്തിടെ നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ 64 ശതമാനം ഫ്രഞ്ചുകാരും ബുര്‍ക്കിനി നിരോധം അനുകൂലിച്ചാണ് വോട്ട് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല