സ്വന്തം ലേഖകന്‍: ബൊളീവിയന്‍ സഹ ആഭ്യന്തര മന്ത്രിയെ സമരം ചെയ്യുന്ന ഖനി തൊഴിലാക്കികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സമരം ചെയ്യുന്ന ഖനി ജോലിക്കാരുമായി സന്ധി സംഭാഷണത്തിനു പോയതായിരുന്നു സഹ ആഭ്യന്തര മന്ത്രി റുഡോള്‍ഫോ ഇലാനെസ്. സഭവവുമായി ബന്ധപ്പെട്ട് 100 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇലാനസിനെ സമരക്കാര്‍ തല്ലിച്ചതച്ചു കൊലപ്പെടുത്തിയ കാര്യം ടിവിയില്‍ വിവരിച്ച പ്രതിരോധ മന്ത്രി റെയിമി ഫെരയിരാ പൊട്ടിക്കരഞ്ഞു.
തലസ്ഥാനമായ ലാപാസില്‍നിന്ന് നൂറുമൈല്‍ അകലെ പാന്ഡുരോയില് ചര്‍ച്ചയ്ക്കു പോയപ്പോഴാണ് അക്രമികള്‍ മന്ത്രി ഇലാനെസിനെ പിടിച്ചുകൊണ്ടുപോയത്. ഇലാനെസിന്റെ സഹായി രക്ഷപ്പെട്ടെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും മന്ത്രി ഫെരയിരാ വ്യക്തമാക്കി. ബുധനാഴ്ച പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ടു സമരക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
ലാറ്റിന്‍ അമേരിക്കയിലെ ദരിദ്ര രാജ്യമായ ബൊളീവിയയില്‍ ഖനി ജോലിക്കാര്‍ ഏറെയും സഹകരണമേഖലയിലെ വെള്ളി, ടിന്, പിത്തള ഖനികളിലാണു ജോലി ചെയ്യുന്നത്. സ്വകാര്യ കമ്പനികളിലും ജോലി ചെയ്യാന്‍ അനുവദിക്കുക, യൂണിയനുകളില്‍ കൂടുതല്‍ പ്രാതിനിധ്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ഖനി ജോലിക്കാര്‍ സമരം ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല