സ്വന്തം ലേഖകന്‍: ധാക്കയിലെ ഹോട്ടലില്‍ നടന്ന സ്ഫോടനത്തിന്റെ സൂത്രധാരനേയും കൂട്ടാളികളേയും ബംഗ്ലാദേശ് സുരക്ഷാ സേന വെടിവച്ചു കൊന്നു. ബംഗ്ലാദേശ് തലസ്ഥാനത്തെ ഹോട്ടലില്‍ 22 പേര് കൊല്ലപ്പെട്ട സ്ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ തമീം അഹമ്മദ് ചൗധരി എന്ന ബംഗ്ളാദേശ് വംശജനായ കാനേഡിയന്‍ പൗരനും നാലു തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ധാക്കയില്‍ തീവ്രവാദ വിരുദ്ധ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ധാക്കയ്ക്ക് സമീപ പ്രദേശമായ നാരായണ്‍ ഗഞ്ചില്‍ ഒളിത്താവളത്തില്‍ നടത്തിയ പോലീസ് റെയ്ഡിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുമ്പ് കാനഡയില്‍ നിന്നും ബംഗ്ളാദേശില്‍ എത്തിയ തമീം ചൗധരിയാണ് ബംഗ്ളാദേശില്‍ ഇസ്ളാമിക സംഘടനകള്‍ക്ക് ആയുധവും പണവും നല്‍കുന്നതെന്നാണ് കരുതപ്പെടുന്നത്.
ജൂലൈ 1 നായിരുന്നു ധാക്ക കഫേയില്‍ വിദേശികള്‍ ഉള്‍പ്പെടെ 20 പേരെ ബന്ദികളാക്കിയ ശേഷം തീവ്രവാദികള്‍ സ്ഫോടനം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ 18 പേര് വിദേശികളായിരുന്നു. ബംഗ്ളാദേശില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്.
ഐഎസ് പതാകയേന്തിയ തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബംഗ്ളാദേശിലെ തന്നെ ഭീകരരാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു ബംഗ്ലാദേശ് സര്‍ക്കാരിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല