എ. പി. രാധാകൃഷ്ണന്: ‘രാധേ ശ്യാം….’ കൃഷ്ണ ഭക്തിയുടെ അനന്യ ഭാവം പകര്‍ന്ന ധന്യമായ ഒരു സത്സംഗം കൂടി ഇന്നലെ പൂര്‍ണമായി. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഇന്നലെ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന് കമ്മ്യൂണിറ്റി സെന്റെര് ഇല് നടന്ന ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധന് ആഘോഷങ്ങള്‍ ഭക്തി സംഗീതത്തിന്റെ അമൃത പ്രവാഹമായിരുന്നു. ഇനി അടുത്ത മാസം 24 നു നടക്കുന്ന ഓണാഘോഷങ്ങള്‍ക്കുള്ള കാത്തിരിപ്പ്. പതിവുപോലെ ഇന്നലെ വൈകീട്ട് ആറുമണിയോടെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജനസംഘം അവതരിപ്പിച്ച ഭജനയോടെ പരിപാടികള്‍ ആരംഭിച്ചു. പ്രശസ്ത ഹിന്ദുസ്ഥാനി ഗായിക ശ്രീമതി ദേബിജാനി ദത്തയുടെ സാനിധ്യവും ഭജന ആലാപനവും ഇന്നലത്തെ സത്സംഗത്തെ വ്യത്യസ്തമാക്കി. കൃഷ്ണഭക്തിയുടെ അവാച്യമായ അനൂഭൂതി പകരുന്നതായിരുന്നു ശ്രീമതി ദേബിജാനിയുടെ ആലാപനം. കൊല്‍ക്കത്ത സ്വദേശിനിയായ ശ്രീമതി ദേബിജാനി യു കെ യില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ക്ലാസ്സുകളും നടത്തുന്നുണ്ട്. മൃദഗം, ഗഞ്ചിറ, ഹാര്‍മോണിയം തുടങ്ങി നിരവധി ഉപകരണങ്ങള്‍ അകന്പടിയായ ഭജന രണ്ടുമണിക്കൂറോളം ഭക്തിയുടെ ഗംഗാ പ്രവാഹം തീര്‍ത്തു. ഭജനയ്ക്ക് ശേഷം പ്രകൃതി സംരക്ഷണത്തെ കുറിച്ച് ഓര്‍മ്മപെടുത്തികൊണ്ടു വൃക്ഷങ്ങള്‍ നട്ടു പിടിപികേണ്ടതിന്റെ പ്രാധ്യത്തെ കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് ശ്രീമതി മിനി വിജയകുമാര്‍ ഓഗസ്റ്റ് മാസത്തെ അമരവാണികള്‍ അവതരിപ്പിച്ചു. അമരവാണികള്‍ കാണുന്നതിന് യു ട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അമരവാണികള്‍ക്കു ശേഷം രക്ഷാബന്ധന് ആചരിച്ചു. രക്ഷാബന്ധന്റെ പ്രാധാന്യത്തെ കുറിച്ച് ഹ്രസ്വമായ എന്നാല്‍ അത്യന്തം വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം നടത്തി ഡോക്ടര്‍ ശിവകുമാര്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ശ്രീമതി ദേബിജാനി ഡോക്ടര്‍ ശിവകുമാറിന്റെ വലതുകൈയില്‍ രാഖി കെട്ടിക്കൊണ്ടു രക്ഷാബന്ധന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടന് കമ്മ്യൂണിറ്റി സെന്റെര് ഇല് ഒത്തുകൂടിയ എല്ലാവരും പരസ്പര സാഹോദര്യത്തിന്റെ പ്രാധാന്യം പ്രഖ്യാപിച്ചു രാഖികള്‍ കെട്ടി. ദീപാരാധനയും അന്നദാനവും തുടര്‍ന്ന് നടന്നു. മുരളി അയ്യര്‍ പൂജകള്‍ക്ക് നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല