സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ ദിവ്യബലിക്കിടെ കത്തോലിക്കാ വൈദികനു നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം. സുമാട്രയിലെ മേഡനിലെ സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ ഫാ. ആല്‍ബര്‍ട്ട് പന്ഡിയാന്ഗനെ 18 കാരനായ ആക്രമി കോടലികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമിയെ പള്ളിയില്‍ ഉണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തി പോലീസില്‍ ഏല്പിച്ചു.
പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവേര്‍ ആക്രമണം നടത്തി നിരവധി പേരെ വധിക്കാനുള്ള പദ്ധതിയുമായി എത്തിയ അക്രമി ബാഗിലെ ബോംബ് പൊട്ടാത്തതിനെത്തുടര്ന്നാണു വൈദികനെ ആക്രമിച്ചതെന്നു കരുതുന്നു. ബാഗിലുണ്ടായിരുന്ന നാടന്‍ ബോംബിനു തീ കൊളുത്തിയെങ്കിലും സ്ഫോടനം ഉണ്ടായില്ല. സഫോടനം നടന്നിരുന്നെങ്കില്‍ നിരവധി പേര്‍ക്കു ജീവഹാനി സംഭവിക്കുമായിരുന്നു.
ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ നടക്കുമ്പോള്‍ വിശ്വാസികളുടെ കൂട്ടത്തില്‍ ഇരിക്കുകയായിരുന്ന അക്രമി അള്‍ത്താരയ്ക്കു സമീപത്തെത്തി വൈദികനെ ആക്രമിക്കുകയായിരുന്നു. ഇത് ഭീകരാക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി.ഐഎസിന്റെ പതാകയും തിരിച്ചറിയല്‍ കാര്‍ഡും ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തു.
ആക്രമിയെ ചോദ്യം ചെയ്തുവരികയാണെന്നും അയാളുടെ വസതിയില്‍ പരിശോധന നടത്തുമെന്നും നോര്‍ത്ത് സുമാട്രയിലെ മേഡന്‍ പോലീസ് വക്താവ് റിനാ സരി ജിന്റിംഗ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല