സ്വന്തം ലേഖകന്‍: ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് പിണറായി വിജയന്, പുനരധിവാസത്തിന് ഊന്നല്‍. ഷൊര്‍ണൂരില്‍ അബുദാബി ശക്തി അവാര്‍ഡ് വിതരണം ചെയ്യവെയാണ് കേരള മുഖ്യമന്ത്രി പ്രവാസികളുടെ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ആശങ്ക വ്യക്തമാക്കിയത്.
ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം വേണം. ഇക്കാര്യത്തില്‍ അടിയന്തര നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തില്‍ പ്രവാസി വകുപ്പ്, നോര്‍ക്ക എന്നിവയുണ്ട്. അവയുടെ പ്രവര്‍ത്തനം കൂടുതല്‍ ലളിതവും വ്യാപകവുമാക്കും. പ്രവാസിസൌഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് പിണറായി ഉറപ്പുനല്‍കി.
കേരളത്തെ താങ്ങിനിര്‍ത്തുന്ന നെടുംതൂണുകളിലൊന്നാണ് പ്രവാസികള്‍. അവരുടെ പ്രശ്നങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഗൌരവത്തോടെയാണ് കാണുന്നത്. രാജ്യത്തിന് വിദേശനാണയം നേടിക്കൊടുക്കുന്ന മറ്റ് വിഭാഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ നന്നായി പരിഗണിക്കുന്നു. എന്നാല്‍ പ്രവാസികളെ പീഡിപ്പിക്കുകയാണ്.
പ്രവാസികള്‍ക്ക് സഹായകമാകുന്ന വിധത്തില്‍ കുടിയേറ്റ നിയമം സമഗ്രമായി പരിഷ്കരിക്കണം. വിമാനയാത്രക്കൂലിയുടെ കാര്യത്തിലും വലിയ വിഷമമാണ് കേരളത്തിലെ പ്രവാസികള്‍ നേരിടുന്നത്. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമീപനം മാറ്റുന്നില്ല. യുക്തിസഹമായ വിമാനയാത്രാ നിരക്കുകള്‍ നടപ്പാക്കണം.
വിദേശ രാജ്യങ്ങളിലുള്ള മലയാളികളില്‍ ചുരുക്കം ആളുകള്‍ ചില കേസുകളില്‍പ്പെട്ട് ജയിലിലാകും. പലരും തെറ്റ് ചെയ്യാത്തവരാകും. ശിക്ഷാ കാലാവധി കഴിഞ്ഞാലും നാട്ടിലേക്കുള്ള വിമാനയാത്രക്കൂലി ഇല്ലാത്തതിനാല്‍ അവര്‍ക്ക് അവിടെ ജയിലില്‍ കഴിയേണ്ടിവരുന്നു. അത്തരക്കാരുടെ കൃത്യമായ കണക്ക് കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും പിണറായി വ്യക്തമാക്കി.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് പറഞ്ഞ പിണറായി തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഗള്‍ഫില്‍നിന്നും മടങ്ങിവരുന്ന മലയാളികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം കാണിച്ചു കൊടുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല