സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് പുറത്താക്കി, ദേശീയ ബജറ്റില്‍ ക്രമക്കേട് കാട്ടിയതായി ഇംപീച്ച്മെന്റ് വിധി. 2014 ല്‍ രാജ്യം ദശാബ്ദത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ നിയമവിരുദ്ധ വായ്പകള്‍ ഉപയോഗിച്ച് ദേശീയ ബജറ്റിലെ ക്രമക്കേടുകള്‍ മറച്ചുവെച്ചുവെന്നാണ് ദില്‍മക്കെതിരായ പ്രധാന ആരോപണം.
ആരോപണത്തില്‍ സെനറ്റില്‍ നടന്ന ഇംപീച്ച്മെന്റില്‍ 81 സെനറ്റര്‍മാരില്‍ 61 പേരും ദില്‍മ കുറ്റക്കാരിയാണെന്നു വിധിച്ചു. ഇംപീച്ച്മെന്റിന് അനുമതി നല്‍കിയതിനെതുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ ദില്‍മ സസ്പെന്‍ഷനിലായിരുന്നു. ഇംപീച്ച്മെന്റ് നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് 68 കാരിയായ ദില്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളി.
ഇതോടെ 13 വര്‍ഷം നീണ്ട ബ്രസീലിലെ ഇടതുപക്ഷ ഭരണത്തിനാണ് അന്ത്യമാകുന്നത്. ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു ദില്‍മ. തനിക്കെതിരായ ഇംപീച്ച്മെന്റ് നടപടിയെ വലതു പക്ഷത്തിന്റെ അട്ടിമറിനീക്കമെന്നാണ് ദില്‍മ വിശേഷിപ്പിച്ചിരുന്നത്. തിങ്കളാഴ്ച സെനറ്റില്‍ അവര്‍ നടത്തിയ 14 മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍, താന്‍ നിരപരാധിയാണെന്ന് അവര്‍ അവകാശപ്പെട്ടു.
രണ്ടു ദശാബ്ദക്കാലത്തെ സൈനിക ഭരണത്തിനുശേഷം 1985 ല്‍ പുന:സ്ഥാപിക്കപ്പെട്ട ബ്രസീലിയന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമായി തനിക്കെതിരായ ഇംപീച്ച്മെന്റിനെ അവര്‍ വിശേഷിപ്പിക്കുകയും ചെയ്തു. ഇടതുപക്ഷ സംഘടനയായ വര്‍ക്കേഴ്സ് പാര്‍ട്ടി പ്രതിനിധിയായി 2011 ജനുവരിയിലാണ് ദില്‍മ റൂസഫ് ബ്രസീലിന്റെ പ്രസിഡന്റ് പദവിയിലത്തെിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല