സ്വന്തം ലേഖകന്‍: ചാനലുകള്‍ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ഇന്ത്യന്‍ ഡിടിഎച്ച് ചാനലുകള്‍ രാജ്യത്ത് നിരോധിക്കാന്‍ ഒരുങ്ങുന്നതായി പാകിസ്താന്. പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് (പെംറ) നടപടി. അമിതമായ വിദേശ ഉള്ളടക്കം ഉള്ള ടി.വി ചാനലുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വരും മാസങ്ങളില്‍ പാക് ഡി.ടി.എച്ച് സര്‍വീസുകളില്‍ ഇത് സജ്ജീകരിക്കും.
പെര്മ നിയമങ്ങള്‍ പ്രകാരം കീഴില്‍ ഒരു ദിവസം 10 ശതമാനം (രണ്ട് മണിക്കൂര്‍, 40 മിനിറ്റ്) വിദേശ ഉള്ളടക്കങ്ങള്‍ മാത്രമേ പ്രക്ഷേപണം ചെയ്യാവൂ. നിയമപരമായ രീതിയില്‍ സമയം ക്രമീകരിക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍, സാറ്റലൈറ്റ് ചാനലുകള്‍ എന്നിവരോട് ആവശ്യപ്പെട്ടതായും അല്ലാത്തപക്ഷം ഒക്ടോബര്‍ 15 മുതല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും പെംറ ചെയര്മാന് അബ്സാര്‍ ആലം ബുധനാഴ്ച പറഞ്ഞു. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനിടയാക്കുമെന്നും പെംറ മുന്നറിയിപ്പു നല്കി.
നിയമലംഘനം നടത്തുന്ന ഇന്ത്യന്‍ ഡി.ടി.എച്ച് ഡീലര്‍മാര്‍ക്കെതിരെ ഉടനടി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ ഡി.ടി.എച്ച് ഡീകോഡറുകളുടെ വില്പന തടയുന്നതിനായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, റവന്യൂ ഫെഡറല്‍ ബോര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഏജന്‍സി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആലം വ്യക്തമാക്കി.
മൂന്ന് മില്യന്‍ ഇന്ത്യന്‍ ഡി.ടി.എച്ച് ഡീകോഡറുകള്‍ രാജ്യത്ത് വില്പന നടത്തിയതായാണ് കണക്ക്. ഈ വില്പന നിര്‍ത്തുക മാത്രമല്ല, ഇന്ത്യന്‍ ഡീലര്‍മാരില്‍ നിന്നും പാകിസ്താനികള്‍ ഈ ഡീകോഡറുകള്‍ വാങ്ങുന്ന വിനിമയരീതി വ്യക്തമാക്കാനും ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനില്‍ ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികളോട് വര്‍ധിച്ചുവരുന്ന പ്രിയവും അധികൃതരെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല