സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും, നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ്. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്നിര്മിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അരിസോണയിലെ ഫീനിക്സിലെ തെരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് വ്യക്തമാക്കി. താന്‍ വൈറ്റ്ഹൗസില്‍ ചാര്‍ജെടുത്താല്‍ ആദ്യദിനം തന്നെ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിക്ക് 2000 മൈല്‍ ദൈര്‍ഘ്യമുണ്ട്. മതിലിനു ചെലവാകുന്ന പണം മെക്സിക്കേയില്നിന്ന് ഈടാക്കുമെന്നു ട്രംപ് പറഞ്ഞു. എന്നാല്‍, പണം തരില്ലെന്നു ട്രംപുമായുള്ള ചര്‍ച്ചയുടെ തുടക്കത്തില്‍ത്തന്നെ താന്‍ വ്യക്തമാക്കിയെന്നു മെക്സിക്കന്‍ പ്രസിഡന്റ് പെനാ നിറ്റോ പറഞ്ഞു.
രാജ്യത്തു വരുന്ന കുടിയേറ്റക്കാരില്‍ ആരെയെല്ലാം സ്വീകരിക്കണമെന്ന കാര്യത്തില്‍ പരമാധികാര രാഷ്ട്രമായ അമേരിക്കയ്ക്ക് സ്വന്തംനിലയില്‍ തീരുമാനമെടുക്കാമെന്ന് ട്രംപ് ഓര്‍മിപ്പിച്ചു.അനധികൃതമായി രാജ്യത്തു തങ്ങുന്ന 110 ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കുക തന്നെ ചെയ്യും. ഇതിനായി പ്രത്യേക നാടുകടത്തല്സേനയ്ക്കു രൂപം നല്‍കുമെന്നും ട്രംപ് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാര്‍ക്കു പൊതുമാപ്പു നല്കുന്ന പ്രശ്നം ഉദിക്കുന്നില്ല. നിയമവിരുദ്ധമായി അമേരിക്കയില്‍ എത്തിയശേഷം നിയമാനുസൃതം പൗരത്വം എടുക്കാമെന്ന വ്യാമോഹം നടപ്പില്ലെന്ന സന്ദേശം ലോകത്തിന് നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നു ട്രംപ് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാര്‍ സ്വന്തം നാട്ടിലേക്കു തിരിച്ചുപോയശേഷം നിയമാനുസൃത മാര്‍ഗങ്ങളിലൂടെ അമേരിക്കയില്‍ എത്താന്‍ അപേക്ഷ നല്കുകയാണു വേണ്ടതെന്നും പത്തിന കുടിയേറ്റ നയം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല