സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡി വിയറ്റ്നാമില്‍, പ്രതിരോധ സഹകരണത്തിനായി ഇന്ത്യ വിയറ്റ്നാമിന് 500 മില്യണ്‍ ഡോളര്‍ സഹായം നല്‍കും. ദക്ഷിണ ചൈനാ കടലില്‍ ചൈനീസ് സാന്നിധ്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ തീര നിരീക്ഷണം ഉള്‍പ്പെടെ പ്രതിരോധ സഹകരണം കൂട്ടാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിയറ്റ്നാമിന് 500 മില്യണ്‍ ഡോളര്‍ ഇന്ത്യ സഹായമായി നല്‍കും. വിയറ്റ്നാം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാമിസ് പ്രധാനമന്ത്രി ഗയുന് ഷുവാനും ഇന്നലെ 12 കരാറുകളില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ വഴിത്തിരിവിലൂടെയാണു കടന്നു പോകുന്നതെന്നും ഭാവിയില്‍ എല്ലാ മേഖലയിലും സഹകരണം വര്‍ധിപ്പിക്കുമെന്നും വിയറ്റ്നാം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മോദി പറഞ്ഞു.
പ്രതിരോധം, ഐടി, ബഹിരാകാശം, സൈബര്‍ സുരക്ഷ, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട 12 കരാറുകളാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ദക്ഷിണ ചൈനാ കടലില്‍ ബാഹ്യ ഇടപെടല്‍ മൂലം പ്രശ്നങ്ങള്‍ ഉടലെടുക്കുകയാണെന്നു ചൈനയുടെ പേരു പരാമര്‍ശിക്കാതെ മോദി പറഞ്ഞു. ഒഎന്‍ജിസി വിയറ്റ്നാമില്‍ നടത്തുന്ന ഇന്ധന പര്യവേഷണത്തെ ചൈന എതിര്‍ത്തതും ഇന്ത്യന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു.
കിഴക്കന്‍ ചൈനയിലെ ഹംഗ്സോയില് തുടങ്ങുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിയറ്റ്നാം സന്ദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല