സ്വന്തം ലേഖകന്‍: ഐലാന്‍ കുര്‍ദി ലോകത്തെ കരയിച്ച് തീരത്തടിഞ്ഞ് ഒരു വര്‍ഷം, ദുരിതക്കയത്തില്‍ തുടരാന്‍ വിധിക്കപ്പെട്ട് അഭയാര്‍ഥികള്‍. 2015 സപ്തംബര്‍ രണ്ടിനാണ് ടര്‍ക്കിയുടെ തീരത്ത് ഐലാന്റെ മൃതദേഹം അടിഞ്ഞത്. കമഴ്ന്ന് കിടക്കുന്ന ഐലാന്റെ മൃതദേഹത്തിന്റെ ചിത്രം നിലൂഫര്‍ ഡെമിര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ലോകം മുഴുവന്‍ അത് ഏറ്റെടുക്കുകയായിരുന്നു.
ഗ്രീസിലേക്കുള്ള പലായനത്തിനിടെയാണ് ഐലാനും കുടുംബവും സഞ്ചരിച്ച ബോട്ട് മുങ്ങിയത്. ഐലാന്‍ അഭയാര്‍ഥി പ്രശ്നത്തിന്റെ തീവ്രത ലോകത്തോട് വിളിച്ചുപറഞ്ഞ് അതിന്റെ പ്രതീകമായി മാറി. ലോകവ്യാപകമായി പ്രതിഷേധം അലയടിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായി. ബ്രിട്ടനും ജര്‍മ്മനിയുമെല്ലാം നിലപാട് മാറ്റി തങ്ങളുടെ വാതിലുകള്‍ തുറന്നത് ആ ഒറ്റ ചിത്രത്തോടെയായിരുന്നു.
പക്ഷേ ഒരു വര്‍ഷം പിന്നിടുമ്പോള്‍ അഭയാര്‍ഥി പ്രശ്നം ഇന്നും ഗുരുതരമായി തുടരുകയാണ്. ഓരോ ദിവസവും മെഡിറ്ററേനിയന്‍ കടക്കാന്‍ ശ്രമിക്കുന്നവര്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഈ വര്‍ഷം എട്ട് മാസത്തിനിടെ മൂവായിരത്തിലധികം പേരാണ് മുങ്ങിമരിച്ചത്. സിറിയയിലെ ആഭ്യന്തര സംഘര്‍ഷവും കൂട്ടക്കുരുതിയുമാണ് ആളുകളെ പലായനത്തിന് പ്രേരിപ്പിക്കുന്നത്.
എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിലപാട് മാറ്റകയും അഭയാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അഭയാര്‍ഥി ഇടനാഴി എന്ന ആശയത്തെ ഐലാന്റെ മൃതദേഹം തീരത്തടിഞ്ഞ സമയത്ത് കേവലം നാലു രാജ്യങ്ങളാണ് എതിര്‍ത്തിരുന്നതെങ്കില്‍ ഇന്ന് യൂറോപ്പ് മുഴുവന്‍ ആ നിലപാടിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. അഭയാര്‍ഥി ഒഴുക്ക് തടയാന്‍ ഹംഗറിയാണ് ആദ്യം തങ്ങളുടെ അതിര്‍ത്തി അടച്ചത്. ഇന്ന് മിക്ക രാജ്യങ്ങളും ഈ രീതി സ്വീകരിച്ചിരിക്കുന്നു.
പ്രശ്നം പരിഹരിക്കാനായി യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയുമായി ഉണ്ടാക്കിയ പുതിയ കരാര്‍ അനുസരിച്ച് തുര്‍ക്കിയില്‍നിന്ന് യൂറോപ്യന്‍ മേഖലയിലത്തെിയ അഭയാര്‍ഥികളെ തുര്‍ക്കി തന്നെ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ യൂറോപ്പില്‍ അഭയാര്‍ഥി പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയാണ് ഈ കരാറിലൂടെ. ഒരുവശത്ത്, ഗ്രീസിലും മറ്റും എത്തിപ്പെട്ട അഭയാര്‍ഥികള്‍ പ്രാഥമികാവശ്യങ്ങള്‍പോലും നിറവേറ്റാനാവാതെ നരകജീവിതം നയിക്കുമ്പൊള്‍ മറുവശത്ത്, മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ മനുഷ്യക്കടുത്തു സംഘങ്ങളുടെ കൈകളിലൂടെ മരണത്തിലേക്ക് മുങ്ങിത്താഴുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല