ജോയ് അഗസ്തി: യുകെയിലേക്ക് കുടിയേറിയ മിക്കവാറും മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ മാമൂദീസ മുതല്‍ കല്യാണം വരെയുള്ള കാര്യങ്ങള്‍ അങ്ങ് കേരളത്തില്‍ തന്നെ നടത്തണം എന്ന് പിടിവാശിയുള്ളവരായിരിക്കും. അങ്ങിനെയൊക്കെതന്നെയാണ് ഇതുവരെയും നടന്ന് വന്നിരുന്നതും. എന്നാല്‍ കാലം ഏറെ പിന്നിടുമ്പോള്‍ മക്കളുടെ സ്‌നേഹ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങാന്‍ മാതാപിതാക്കള്‍ തയ്യാറാകെണ്ടിവരും. കുട്ടികളുടെ ഇത്തരം നിര്‍ബന്ധങ്ങള്‍ക്ക് കുട്ടികള്‍ക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ മാതാപിതാക്കളോടൊപ്പം ഇവിടെയെത്തിയതും അല്ലെങ്കില്‍ ഇവിടെ തന്നെ ജനിച്ച് വളര്‍ന്നതുമായ മക്കള്‍ക്ക് നാട്ടില്‍ പറയത്തക്ക സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടായിരിക്കില്ല.
അങ്ങിനെയിരിക്കെ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന ചടങ്ങുകള്‍ നാട്ടില്‍ വച്ച് നടത്താന്‍ അവര്‍ക്ക് താല്‍പ്പര്യം ഉണ്ടായാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. അവര്‍ പഠിച്ച് വളന്ന നാട്ടില്‍ അവരുടെ കൂടെ വളര്‍ന്നവരും കൂടെ ജോലി ചെയ്യുന്നവരും പരിചയക്കാരും ഒക്കെയായിരിക്കണം അത്തരം ചടങ്ങുകളില്‍ കൂടെയുണ്ടായിരിക്കേണ്ടത് എന്ന് അവര്‍ നിര്‍ബന്ധിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ ആര്‍ക്കാണ് കഴിയുക? മക്കളുടെ സന്തോഷമാണ് വലുതെങ്കില്‍ നാം ആ നിര്‍ബന്ധത്തിന് വഴങ്ങിയേ പറ്റു.
എറണാകുളം നിവാസിയും ലിവര്‍പൂളിലെ രണ്ടാം കുടിയേറ്റക്കാരില്‍ ഒരാളുമായ ശ്രീ. ആന്റിച്ചന്‍ തോമസ് ചെമ്മമാടിയിലിന്റെയും ശ്രീമതി. ജെസ്സിയമ്മ ആന്റിച്ചന്റെയും മകളായ ജെയ്മി എന്ന് വിളിക്കുന്ന ജെയയുടെയും മാഞ്ചസ്റ്റര്‍ അക്രന്റണില്‍ താമസിക്കുന്ന ശ്രീ. ജോണ്‍ ജോസഫ് പുളിക്കല്‍ വടക്കേതിലിന്റെയും ശ്രീമതി.ചിന്നമ്മാ ജോണിന്റെയും മകന്‍ ജിതു എന്നു വിളിക്കുന്ന ജോസ് ജിതു ജോണിന്റെയും വിവാഹം ഇവിടെ വച്ച് തന്നെ നടത്താന്‍ തീരുമാനിച്ചതും ഇത്തരം സ്‌നേഹ നിര്‍ബന്ധത്തിന്റെ ഫലമായാണ്.
അഞ്ച് വര്‍ഷം മുന്‍പ് ജയ ഏലവല്‍ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് ആന്റിച്ചന്‍ കുടുംബ സമേതം സാല്‍ഫോര്‍ഡിലെ ക്രമ്പ്‌സാല്‍ സെന്റ് ആന്‍സ് പള്ളിയില്‍ ഒരു ധ്യാനത്തിനു പോയത്. അന്ന് അവിടെ മാതാപിതാക്കള്‍ക്കൊപ്പം ജിതുവും ധ്യാനത്തില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. ആദ്യ സമാഗമത്തില്‍ തന്നെ ജിതുവിന്റെ മനസ്സില്‍ മൊട്ടിട്ട ആ പ്രണയം വീണ്ടും ഏറെ നാളുകള്‍ക്ക് ശേഷമാണ് ജെയ്മിയെ അറിയിച്ചത്. എന്നാല്‍ ജെയ്മിയാകട്ടെ അതിന് മാതാപിതാക്കളുടെ സമ്മതവും നേടി. എന്നാല്‍ എന്തുകൊണ്ടും നല്ലൊരു ബന്ധം ആയതിനാല്‍ വിവാഹം ആഘോഷമായി തന്നെ നടത്തുവാന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചപ്പോള്‍ ജിതുവിനും ജയക്കും ഒറ്റ നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളു. ഞങ്ങളുടെ വിവാഹം ഞങ്ങള്‍ ആദ്യമായി കണ്ട പള്ളിയില്‍ തന്നെ വച്ചായിരിക്കണം.
അങ്ങിയെനാണ് ഇപ്പോള്‍ ഫാര്‍മസെര്‍വ് കമ്പനിയില്‍ സയന്റിസ്റ്റായി ജോലി ചെയ്യുന്ന ജെയയും ബെന്റിലിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജിതുവും തമ്മിലുള്ള വിവാഹം അവര്‍ ആ!ദ്യമായി കണ്ട പള്ളിയില്‍ തന്നെ വച്ച് നടന്നത്. ഇക്കഴിഞ്ഞ ശെനിയാഴ്ച (030916) ക്രമ്പ്‌സാല്‍ സെന്റ് ആന്‍സ് പള്ളിയില്‍ വച്ച് മംഗളകരമായി നടന്ന വിവാഹ ശുശ്രൂഷകളില്‍ ക്ഷണിക്കപ്പെട്ട നാനൂറില്‍ പരം പേര്‍ പങ്കെടുത്തു. അഞ്ച് അച്ചന്മാരുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചത് ബഹുമാനപ്പെട്ട ബാബു അപ്പാടന്‍ അച്ചന്‍ ആയിരുന്നു. ലിവര്‍പൂള്‍ രൂപതയില്‍ ഏറെക്കാലം വൈദികനായി സേവനം അനുഷ്ടിച്ച ശേഷം ഇപ്പോള്‍ നാട്ടില്‍ തൃശ്ശൂര്‍ രൂപതയില്‍ സേവനം ചെയ്യുന്ന ബാബു അച്ചനെ വിവാഹ ശുശ്രൂഷകനാകാന്‍ ആന്റിച്ചന്‍ പ്രത്യേകമായി ക്ഷണിച്ച് വരുത്തുകയാണുണ്ടായത്.
ലിവര്‍പൂള്‍ രൂപതാ ചാപ്ലയിന്‍ ഫാദര്‍. ജിനോ അരിക്കാട്ട്, പ്രിസ്റ്റണ്‍ ഇടവക വികാരി ഫാദര്‍. മാത്യു ചൂരപ്പൊയ്കയില്‍ എന്നിവര്‍ക്ക് പുറമേ ക്രമ്പ്‌സാല്‍ സെന്റ്. ആന്‍സ് പള്ളിവികാരി ഫാദര്‍. ഡേവിഡ് ബ്ലോവര്‍, ജിതുവിന്റെ ഇടവകയായ അക്രന്റണ്‍ പള്ളി വികാരി ഫാദര്‍. സ്റ്റാമ്പ് എന്നിവര്‍ ആയിരുന്നു സഹ കാര്‍മ്മികര്‍.
തുടന്ന് ക്ഷണിക്കപ്പെട്ടവര്‍ക്കായി മാഞ്ചസ്റ്റര്‍ നവാബ് ഹോട്ടലില്‍ വിഭവസമൃദ്ധമായ സല്‍ക്കാരവും നടന്നു. വധൂവരന്മാരുടെ സൌഹൃദക്കൂട്ടം ഒരുക്കിയ നൃത്തങ്ങളും ഗാനങ്ങളും വിവാഹാനന്തര ചടങ്ങുകള്‍ക്ക് മോടികൂട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല