സ്വന്തം ലേഖകന്‍: ഒടുവില്‍ ജാക്കി ചാനെ തേടി ഓസ്കര് പുരസ്കാരമെത്തി, സമഗ്ര സംഭാവനക്കുള്ള ഓസ്കര് ലഭിക്കുന്ന ആദ്യ ചൈനീസ് താരം. ജാക്കി ചാനെ കൂടാതെ സിനിമാ എഡിറ്റര്‍ ആന്നി കോഡ്സ്, കാസ്റ്റിങ് സംവിധായകന് ലിന് സ്റ്റല്‍മാസ്റ്റര്‍ ഡോക്കുമെന്ററി നിര്‍മാതാവ് ഫ്രഡിറിക് വിസ്മന്‍ എന്നിവര്‍ക്കും പുരസ്കാരം നല്‍കുമെന്ന് യു.എസ് ഫിലിം അക്കാദമി പ്രസിഡന്റ് ചെറില്‍ ബൂണ്‍ ഇസാഖ് അറിയിച്ചു. ഇവര്‍ നാല് പേരും പുരസ്കാരത്തിന് അര്‍ഹരാണെന്നും അദ്ദേഹം അറിയിച്ചു.
62 കാരനായ ജാക്കി ചാന് ഹോങ്കോങ് സ്വദേശിയാണ്. ആയുധ കലകള്‍ക്ക് പ്രാമുഖ്യം നല്കുന്ന അനേകം സിനിമകളില്‍ ജാക്കി ചാന് അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ്, ആയുധനകലാ വിദഗ്ധന്‍, എഴുത്തുകാരന്, സംവിധായകന്, എന്നീ മേഖലകളില്‍ കഴിവു തെളിയിച്ച ആളാണെങ്കിലും ഇതുവരെ ഓസ്കാര്‍ ലഭിച്ചിരുന്നില്ല.
അമേരിക്കന്‍ താരങ്ങളോട് മത്സരിച്ച് ഹോളിവുഡില്‍ ഹിറ്റുകളുണ്ടാക്കിയ ഏഷ്യന്‍ സൂപ്പര്‍താരം എട്ടാം വയസ്സുമുതല്‍ സിനിമയിലുണ്ട്. മുപ്പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എണ്‍പതുകളില്‍ അന്താരാഷ്ട്ര ഹിറ്റുകള്‍ സൃഷ്ടിച്ച ജാക്കിചാന് തൊണ്ണൂറുകളുടെ പകുതിയോടെ ഹോളിവുഡില്‍ തരംഗമായി മാറി.
‘ലോറന്‍സ് ഓഫ് അറേബ്യ’ എന്ന ചിത്രത്തിന് മുമ്പ് ഓസ്കാര്‍ സ്വന്തമാക്കിയ ആന്നി കോട്സന് എഡിറ്റിങ് മേഖലയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്. ‘ദ ഗ്രാജുവേറ്റ്’ ഉള്‍പ്പെടെ 200 ലേറെ സിനിമകളുടെ കാസ്റ്റിങ് ഡയറക്ടറാണ് ലിന് സ്റ്റല്‍ മാസ്റ്റര്‍. ഫ്രഡിറിക് വിസ്മന്‍ 1967 മുതല്‍ സിനിമാ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്. നവംബറില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല