സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പ്രചാരണം, ബ്രിട്ടനിലെ മുസ്ലീം പണ്ഡിതന് തടവുശിക്ഷ. മുസ്ലീം പണ്ഡിതനും മതപ്രഭാഷകനുമായ അന്ജം ചൗധരിക്കാണ് അഞ്ചര വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചത്. 49 കാരനായ ചൗധരി 2014 ല്‍ ഇറാക്കിലും സിറിയയിലും ഐഎസ് നടത്തിയ ആക്രമണങ്ങളെ പിന്തുണക്കുകയും ഐഎസിനെ പിന്തുണക്കുന്ന വീഡിയോകളും പ്രചരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് 2014 ലാണ് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ മറ്റൊരു മുസ്ലിം പണ്ഡിതനായ മുഹമ്മദ് മിസനൂര്‍ റഹ്മാനും അഞ്ചര വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. ഐഎസിന് വേണ്ടി കഴിഞ്ഞ 20 വര്‍ഷമായി അന്ജം ആളുകളെ ചേര്‍ത്തിരുന്നതായി ബ്രിട്ടീഷ് പോലീസ് കണ്ടെത്തിയിരുന്നു. 2014 ജൂലൈയില്‍ ബ്രിട്ടനിലെ റസ്റ്ററന്റില്‍ നടന്ന യോഗത്തില്‍ ചൗധരി ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഇന്തോനേഷ്യന്‍ ഭീകരനായ മുഹമ്മദ് ഫക്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
2014 മാര്‍ച്ചിനും ജൂണിനും ഇടയില്‍ നടത്തിയ വിവാദ പ്രസംഗങ്ങളെ തുടര്‍ന്ന് അന്‍ജത്തിന്റെ പ്രസംഗങ്ങള്‍ക്ക് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ചൗധരി വക്താവായ നിരോധിത സംഘടന അല്‍ മുഹാജിറൗണിലെ അംഗവും ചൗധരിയുടെ സഹായിയുമായ സിദ്ധാര്‍ഥ ധര് എന്ന അബു റുമയ്സ സിറിയയിലെത്തി ഐസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല