സ്വന്തം ലേഖകന്‍: സംവിധായകന്‍ കെജി ജോര്‍ജിന് ജെസി ദാനിയല്‍ പുരസ്‌കാരം. മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്. ഒക്‌ടോബര്‍ 15ന് പുരസ്‌കാരം സമ്മാനിക്കും.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായാണ് സിനിമയില്‍ പ്രവേശിക്കുന്നത്. തിരക്കഥാകൃത്തായി അരങ്ങേറിയ ജോര്‍ജ് 1975 ല്‍ പുറത്തിറങ്ങിയ സ്വപ്നാടനത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വപ്നാടനം കരസ്ഥമാക്കി. 1982ല്‍ പുറത്തിറങ്ങിയ മേളയോടെയാണ് കെ.ജി ജോര്‍ജ് മുഖ്യധാരയില്‍ ചുവടുറപ്പിക്കുന്നത്. 1982ല്‍ പുറത്തിറങ്ങിയ യവനികയാണ് കെ.ജി ജോര്‍ജിന്റെ ഏറ്റവും പ്രശസ്തമായ സിനിമ. തുടര്‍ന്ന് നാല് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ 19 സിനിമകള്‍.
ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങള്‍. 1988ല്‍ മലയാള സിനിമയുടെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫ്രാന്‍സില്‍ നടന്ന മലയാളസിനിമയുടെ ആദ്യത്തെ യൂറോപ്യന്‍ അവലോകനത്തില്‍ ജോര്‍ജ് സംവിധാനം ചെയ്ത കോലങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മാക്ട ചെയര്‍മാന്‍, നാഷനല്‍ ജൂറി അംഗം, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ തുടങ്ങി ഔദ്യോഗിക പദവികളും വഹിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല