സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡില്‍ കൊള്ളക്കാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ധീരത, വീഡിയോ തരംഗമാകുന്നു. ആയുധധാരികളായ കൊള്ളക്കാരില്‍നിന്ന് കടയിലെ ജീവനക്കാരനെ രക്ഷിച്ച ആറു വയസ്സുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ന്യൂസിലന്‍ഡ് മാധ്യമങ്ങളില്‍ താരമായത്. പിതാവിന്റെ ഓക് ലന്‍ഡിലെ ഇലക്ട്രിക്കല്‍ കട കൊള്ളയടിക്കാനായി എത്തിയ ആറു പേരടങ്ങുന്ന മുഖംമൂടി സംഘത്തെയാണ് സാറ പട്ടേല്‍ എന്ന കൊച്ചു പെണ്‍കുട്ടി തുരത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സാറ തരംഗമായത്. കട തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്യുന്നതിനിടെ മഴുകൊണ്ട് അതിലൊരാളെ വെട്ടാന്‍ ഒരുങ്ങുന്ന ആക്രമിയുടെ നേര്‍ക്ക് കുതിച്ച സാറ അയാളുടെ കാലില്‍ കയറി ബലമായി പിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആക്രമികള്‍ കടന്നുകളഞ്ഞു. പിന്നീട്, കടയില്‍ ഉണ്ടായിരുന്ന മുത്തച്ഛനെ കുട്ടി പുറത്തിറങ്ങാന്‍ സഹായിക്കുന്ന ദൃശ്യവും വിഡിയോയില്‍ കാണാം. മകളെയോര്‍ത്ത് അഭിമാനിക്കുന്നതായി പിതാവ് സുഹൈല്‍ പട്ടേല്‍ പ്രതികരിച്ചു. മകള്‍ എപ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നതായും ഈ പ്രവൃത്തിയില്‍ അദ്ഭുതമൊന്നും തോന്നിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല