1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2016

സ്വന്തം ലേഖകന്‍: സൈനിക താവളങ്ങള്‍ക്കായി ചൈന രഹസ്യ ദ്വീപുകള്‍ നിര്‍മിക്കുന്നതായി ഫിലിപ്പീന്‍സ്, ദക്ഷിണ ചൈന കടല്‍ മേഖല വീണ്ടും ചൂടുപിടിക്കുന്നു. ദക്ഷിണ ചൈന കടലില്‍ ആഴംകുറഞ്ഞ സ്‌കാര്‍ബോറോ ഷവോലില്‍ ആണ് കപ്പലുകള്‍ ഉപയോഗിച്ച് ചൈന നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതായി ഫിലിപ്പീന്‍സ് ആരോപിക്കുന്നത്. തെളിവായി ഉപഗ്രഹ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ലാവോസില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളും ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങുമായുള്ള കൂടിക്കാഴ്ചക്ക് മണിക്കൂറുകള്‍ മുമ്പാണ് ആരോപണവുമായി ഫിലിപ്പീന്‍സ് രംഗത്തുവന്നത്. സ്‌കാര്‍ബറോ ഷോളിനടുത്ത് അമേരിക്കന്‍ സൈനികര്‍ക്ക് പ്രവേശനം നല്‍കാറുണ്ട്. ഇവിടെയാണ് ചൈനീസ് കപ്പലുകളും എത്തിയിരിക്കുന്നത്. ഇവിടത്തെ ഫിലിപ്പൈന്‍സ് സൈനികതാവളങ്ങള്‍ അമേരിക്കന്‍ സൈന്യവും ഉപയോഗിക്കാറുണ്ട്. ഈ താവളം ലക്ഷ്യമിട്ടാണ് ചൈന പുതിയ ദ്വീപുകളും സൈനികതാവളങ്ങളും നിര്‍മിക്കുന്നതെന്നാണ് ആരോപണം.

രഹസ്യ ദ്വീപ് നിര്‍മിക്കുന്ന വാര്‍ത്തകള്‍ നേരത്തേ ചൈന നിഷേധിച്ചിരുന്നു. അതേസമയം, മണല്‍ ഡ്രഡ്ജിങ്ങിനുപയോഗിക്കുന്ന കപ്പലുകള്‍ നിര്‍മാണം നടന്നുവരുന്നതായാണ് തെളിയിക്കുന്നതെന്ന് ഫിലിപ്പീന്‍സും പറയുന്നു. രഹസ്യ നിര്‍മാണം നടക്കുന്നതായി വിശ്വസിക്കാന്‍ തങ്ങള്‍ക്ക് തക്ക കാരണങ്ങള്‍ ഉണ്ടെന്നും മേഖലയില്‍ നിരീക്ഷണം നടത്തുന്നത് തുടരുമെന്നും ഫിലിപ്പീന്‍സ് പ്രതിരോധ വക്താവ് അര്‍സേനിയോ അന്‍ഡോലോങ് പറഞ്ഞു.

ദക്ഷിണ ചൈനാ കടലിലെ അതിര്‍ത്തി, ദ്വീപ് തര്‍ക്കങ്ങള്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് തീരാത്ത തലവേദനയായി തുടരുകയാണ്. നേരത്തെ പ്രദേശത്ത് വിയറ്റ്‌നാവും സൈനിക ശേഷി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചൈനക്കെതിരെ നീക്കം ശക്തമാക്കാനായി വിയറ്റ്‌നാം അവരുടെ കീഴിലുള്ള ദ്വീപുകളില്‍ മൊബൈല്‍ റോക്കറ്റ് ലോഞ്ചര്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.