1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2016

സാബു ചുണ്ടക്കാട്ടില്‍: മെത്രാന്മാരുടെ തറവാട്ടി’ല്‍ നിന്നും ചരിത്ര നിയോഗവുമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സീറോ മലബാര്‍ സഭയില്‍ മുപ്പതോളം മെത്രാന്മാര്‍ക്ക് ജന്മം നല്‍കാനായതിന്റെ വലിയ സന്തോഷത്തിലാണ് പാലാ രൂപത. അതിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച പാലാ രൂപതാംഗമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

ദൈവവിളികളാല്‍ സമാനമായ പാലാ രൂപതയിലെ സ്രാമ്പിക്കല്‍ കുടുംബത്തില്‍ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും ആറ് മക്കളില്‍ നാലാമതായാണ് ഉരുളികുന്നം ഇടവകാംഗമായ മാര്‍ സ്രാമ്പിക്കലിന്റെ ജനനം. കാര്‍ഷിക വൃത്തി തൊഴിലാക്കിയ ഇടത്തരം ഇടവകാംഗങ്ങളാണ് പാലാ രൂപതയില്‍ അധികവും. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസത്തിന് ശേഷം വൈദിക പരിശീലനത്തിനായി സെമിനാരിയില്‍ പ്രവേശിച്ച അദ്ദേഹം പൗരോഹിത്യ പഠന ബിരുദങ്ങള്‍ കൂടാതെ മംഗലാപുരം യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എഡും ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും പൗരസ്ത്യ ദൈവ ശാസ്ത്രത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 2000 ഓഗസ്റ്റ് 12ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവില്‍ നിന്നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ഗ്രേറ്റ് ബ്രിട്ടന്‍ മുഴുവനുമായി പ്രസ്റ്റന്‍ രൂപതയുടെ മെത്രാനായി നിയമിതനാകുമ്പോള്‍ റോമിലെ ‘കോളേജിയോ ഉര്‍ബാനോ’യില്‍ വൈസ് റെക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.

കേരളം കത്തോലിക്കാ സഭയില്‍ ഏറ്റവും കൂടുതല്‍ വൈദികരെയും സന്യസ്തരെയും മെത്രാന്മാരെയും സംഭാവന ചെയ്തിട്ടുള്ളത് പാലാ രൂപതയാണ്. 1663 ല്‍ മലബാറിന്റെ ‘വികാരി അപ്പസ്‌തോലിക്ക്’ പദം അലങ്കരിച്ച പറമ്പില്‍ ചാണ്ടി (മാര്‍ അലക്‌സാണ്ടര്‍ പറമ്പില്‍) മെത്രാന്‍ മുതല്‍ കൊടുങ്ങലൂര്‍ ആര്‍ച്ച് ബിഷപ്പ് ഗോവര്‍ണ്ണദോര്‍ മാര്‍ തോമസ് പാറേന്മക്കാന്‍ (1786 1798), ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട്, മലബാര്‍ കുടിയേറ്റ ജനതയുടെ വീര നായകന്‍ മാര്‍. സെബാസ്‌ററ്യന്‍ വള്ളോപ്പള്ളി തുടങ്ങി ഒട്ടേറെ മഹാന്മാരാണ് പാലായുടെ മണ്ണില്‍ നിന്നും പിറവിയെടുത്തത്. ആഴമായ ദൈവവിശ്വാസവും സഭാപാരമ്പര്യങ്ങളും മുറുകെ പിടിക്കുന്ന ഈ രൂപതയെ ഇപ്പോള്‍ നയിക്കുന്നത് അറിയപ്പെടുന്ന ദൈവ ശാസ്ത്രജ്ഞനും പണ്ഡിതനുമായ മാര്‍. ജോസഫ് കല്ലങ്ങോട്ടാണ്. സ്വന്തം കിഡ്‌നി മറ്റൊരാള്‍ക്ക് ദാനം നല്‍കിയത്തിലൂടെ ഈ കാരുണ്യ വര്‍ഷത്തില്‍ സമാനതകളില്ലാത്ത മാതൃക ലോകത്തിനു മുഴുവന്‍ നല്‍കിയ മാര്‍. ജോസഫ് മുരിക്കന്‍ മെത്രാനായും സേവനം ചെയ്യുന്നു.

ഭാരത്തത്തിന്റെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയും പാലായുടെ സുകൃതമാണ്. വി. അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തേക്ക് ദിവസവും നിരവധി തീര്‍ത്ഥാടകരാണ് എത്തിച്ചേരുന്നത്. 2016 ജൂലൈ 28ന് വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ദിവസം തന്നെ പുതിയ രൂപതയുടെയും ഇടയന്റെയും പ്രഖ്യാപനം വന്നത് അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥയുടെ തെളിവാണ്. അല്‍ഫോന്‍സാമ്മയെ തന്നെ തങ്ങളുടെ സ്വര്‍ഗ്ഗത്തിന്റെ മധ്യസ്ഥയായി സ്വീകരിച്ച പ്രസ്റ്റന്‍ രൂപതയും ഗ്രേറ്റ് ബ്രിട്ടന്‍ മുഴുവനും അല്‍ഫോന്‍സാമ്മയെ കൂടാതെ വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചനും ദൈവദാസന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനും പാലാ രൂപതയില്‍ നിന്നുള്ള വിശുദ്ധ പുഷ്പങ്ങള്‍ തന്നെ. മാര്‍. ജോസഫ് കല്ലറങ്ങാട് സഹ കാര്‍മികനായി മാര്‍. സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തില്‍ പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.