സ്വന്തം ലേഖകന്‍: ഫ്രഞ്ച് ആല്‍പ്സ് മേഖലയില്‍ കേബിള്‍ കാറുകള്‍ പണിമുടക്കി, ആകാശത്ത് കുടുങ്ങിയത് നൂറുകണക്കിന് സഞ്ചാരികള്‍. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് കാര്‍ നിശ്ചലമായതോടെ 110 ഓളം പേരാണ് ആല്പസ് പര്‍വതത്തിനു മുകളില്‍ കുടുങ്ങിയത്. ആല്‍പ്സിലെ മോണ്ട് ബ്ലാങ്കില്‍ 50 മീറ്റര്‍ ഉയരത്തിലാണ് സഞ്ചാരികള്‍ക്ക് ഒരു രാത്രി മുഴുവന്‍ ആകാശത്ത് ചെലവഴിക്കേണ്ടി വന്നത്.
കാറുകള്‍ മുന്നോട്ടു നീക്കുന്ന കേബിളുകള്‍ അതിശക്തമായ കാറ്റില്‍ പെട്ട് പിണഞ്ഞതാണ് അപകട കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കേബിളുകള്‍ പിണഞ്ഞതോടെ പര്‍വതത്തിന് മുകളിലായി അന്തരീക്ഷത്തില്‍ കാറുകള്‍ നിശ്ചലമാകുകയായിരുന്നു. കുടുങ്ങിയ 110 പേരില്‍ 65 പേരെ ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍ എത്തി രക്ഷപ്പെടുത്തി. എന്നാല്‍ ഇരുട്ടുവീണതോടെ രക്ഷാപ്രവര്‍ത്തനം നിര്ത്തേണ്ടിവന്നതന്നാല് 38 പേര്‍ക്ക് രാത്രി മുഴുവന്‍ കാറുകളില്‍ കഴിയേണ്ടി വരികയും ചെയ്തു.
ഫ്രാന്‍സിലെ അഗില്ലി ഡു മിഡി സ്റ്റേഷനേയും ഇറ്റലിയിലെ പുണ്ടാ ഹെല്ബ്രോണര് സ്റ്റേഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂന്ന് കേബിളുകളാണ് കുരുങ്ങിപ്പോയത്. ഇവയില്‍ രണ്ടെണ്ണം വേര്‍പെടുത്താന്‍ കഴിഞ്ഞെങ്കിലും മൂന്നാമത്തേത് ശരിയാക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. രാത്രി മുഴുവന്‍ കുടുങ്ങിപ്പോയ യാത്രക്കാരില്‍ ഒരു പത്തു വയസ്സുകാരനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനം ഇരുട്ടായതോടെ നിര്ത്തിയിരുന്നുവെങ്കിലൂം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ബ്ലാങ്കറ്റുകളും എത്തിച്ചുകൊടുത്തു. ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുടുങ്ങിയ വിനോദസഞ്ചാരികളില്‍ കൂടുതലും. ലോകത്തെ പ്രധാന വിനോദ സഞ്ചാര പാതകളിലൊന്നാണ് 12,468 അടി ഉയരത്തിലൂടെയുള്ള ആല്‍പ്സ് കേബിള്‍ കാര്‍ യാത്ര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല