സ്വന്തം ലേഖകന്‍: അറഹ സംഗമം ഇന്ന്, മിനയിലേക്കുള്ള പ്രയാണം ആരംഭിച്ചു, തീര്‍ഥാടക പ്രളയത്തില്‍ മുങ്ങി മക്കയും മിനയും. വിശുദ്ധ ഹജ്ജിനായി കാത്തിരിക്കുന്നവരുടെ മിനയിലേക്കുള്ള പ്രയാണം ആരംഭിച്ചതോടെ ഈ വര്‍ഷത്തെ ഹജ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ഞായറാഴ്ച ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അറഫാ സംഗമ സംഗമത്തിന് ശേഷം മുസ്ദലിഫയില്‍ രാത്രി തങ്ങുന്ന ഹാജിമാര്‍ ബാക്കി ദിനങ്ങളില്‍ മിനയിലാണ് താമസിക്കുക.
മിനായിലേക്കുള്ള തീര്‍ഥാടകരുടെ പ്രയാണം ശനിയാഴ്ചയാണ് തുടങ്ങേണ്ടിയിരുന്നത് എങ്കിലും തിരക്കൊഴിവാക്കാന്‍ ഇന്ത്യന്‍ ഹാജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വെള്ളിയാഴ്ച മഗ്രിബ് നമസ്കാരത്തിന് ശേഷം മിനായിലേക്ക് പുറപ്പെടുകയായിരുന്നു. ശേഷിക്കുന്ന ഹാജിമാര്‍ ശനിയാഴ്ച രാവിലെ മിനായില്‍ എത്തിച്ചേരും.
അറഫയില്‍ കടുത്ത ചൂടില്‍ നടക്കുന്ന സംഗമത്തിന് ആശ്വാസമായി 120000 ചതുരശ്ര മീറ്ററില്‍ 18000 കൂടാരങ്ങളും 10,000 ത്തിലധികം പുതിയ എയര്‍ കണ്ടീഷനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ക്ക് സുഗമമായി ഹജ് നിര്‍വഹിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ ഹജ് മിഷന് അറിയിച്ചു.
ഇന്ത്യന്‍ ഹജ് സംഘത്തിന് മിനായില്‍ ഹജ് മിഷന്റെ ഓഫീസും ആശുപത്രിയും ഒരുക്കിയിട്ടുണ്ട് .മിനായില്‍ കിംഗ് അബ്ദുല്ല ബ്രിഡ്ജിനോട് ചേര്‍ന്നാണ് ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മിനാ യാത്രയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, മിനായില്‍ ഇന്ത്യക്കാരുടെ കൂടാരങ്ങള്‍ വ്യക്തമാക്കുന്ന മാപ്പുകള്‍ എന്നിവയും തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഒപ്പം മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി വിവിധ വകുപ്പുകള്‍ എസ്.എം.എസ് സൗകര്യം നല്‍കും.
ഇന്ത്യയില്‍ നിന്ന് 1,36,000 പേര്‍ക്കാണ് ഹജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചതെങ്കിലും ഹജ് കമ്മറ്റി വഴി 99904 പേരും സ്വകാര്യ ഗ്രുപ്പുകള്‍ വഴി 36000 പേരുമാണ് എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല