സ്വന്തം ലേഖകന്‍: സോമാലിയയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അഭയാര്‍ഥി വനിത. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സോമാലിയയില്‍ അഭയാര്‍ഥി വനിതയായ ഫദുമോ ദായിബും ജനവിധി തേടുകയാണ്. വാശിയേറിയ പോരാട്ടം നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഫദുമോ ദായിബ് ഇതിനകം തന്നെ തെരഞ്ഞെടുപ്പിന്റെ മുഖ്യ ആകര്‍ഷണമായി മാറിക്കഴിഞ്ഞു.
സോമാലിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായ കാലത്ത് 18 വയസില്‍ യൂറോപ്പിലേക്ക് അഭയം തേടിപ്പോയ ഫദുമോ ദായിബ് ലോകമറിയുന്ന ആക്ടിവിസ്റ്റും പൊതു ആരോഗ്യ പ്രവര്‍ത്തകയുമായാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നിലേക്ക് വീണ്ടും എത്തുന്നത്. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ഹാര്‍വഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ ദായിബ് അഭയാര്‍ഥികളുടെ പുനരധിവാസത്തിനായും പ്രവര്‍ത്തിക്കുന്നു.
സോമാലിയയെ അഴിമതിയില്‍നിന്നും കൊലപാതകങ്ങളില്‍നിന്നും മോചിപ്പിച്ച് അഭിവൃദ്ധിയിലേക്കും സുസ്ഥിരതയിലേക്കും നയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 1990 മുതല്‍ ഫിന്‍ലന്‍ഡിലായിരുന്നു ദായിബിന്റെ ജീവിതം. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തെരഞ്ഞെടുക്കുന്ന 14,000 പ്രതിനിധികളുടെ ദ്വിസഭാ നാഷനല്‍ അസംബ്ലിയാണ് സോമാലിയയുടെ അടുത്ത പ്രസിഡന്റിനെ നിശ്ചയിക്കുക.
പ്രസിഡന്റ് സ്ഥാനത്തേക്ക് 18 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ ഏക വനിതാ സ്ഥാനാര്‍ഥിയും 44 കാരിയായ ദായിബ് തന്നെ. ‘ജയിക്കാന്‍ ഏറ്റവും യോഗ്യരായവര്‍ തോല്‍ക്കുന്നതാണ് ഇവിടത്തെ ചരിത്രം. നിങ്ങള്‍ അഴിമതി നടത്തിയിട്ടില്ലെങ്കില്‍ ഒരിക്കലും ഭരണചക്രം തിരിക്കാന്‍ അര്‍ഹരല്ല എന്നാണ് കരുതേണ്ടത്. ആരില്‍നിന്നും ഒരു തുട്ടുപോലും അനര്‍ഹമായി കൈപ്പറ്റിയിട്ടില്ല ഞാന്‍. അതുകൊണ്ട് വിജയപ്രതീക്ഷയുമില്ല’ ദായിബ് തുറന്നടിക്കുന്നു.
2020 ഓടെ രാജ്യത്ത് സാര്‍വത്രിക വോട്ടവകാശവും ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പും നടപ്പിലായാല്‍ പ്രസിഡന്റ് പദത്തിലെത്താമെന്നാണ് ദായിബിന്റെ പ്രതീക്ഷ. നീണ്ട കലാപത്തിനുശേഷം 2012 ലാണ് സോമാലിയയില്‍ പുതിയ ഭരണക്രമം നിലവില്‍ വന്നത്. എന്നാല്‍, അശബാബ് തീവ്രവാദികളുടെ ആക്രമണം രാജ്യത്തെ വീണ്ടും ആഭ്യന്തര യുദ്ധത്തിലേക്കും കൊടും ദാരിദ്ര്യത്തിലേക്കും തള്ളിയിടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല