സ്വന്തം ലേഖകന്‍: പാരാലിമ്പിക്സ് ഹൈജമ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ മാരിയപ്പന് തങ്കവേലു ചരിത്രമെഴുതി. ഹൈജമ്പില്‍ ടി–42 വിഭാഗത്തിലാണ് മാരിയപ്പന് സ്വര്‍ണം നേടിയത്. പാരാലിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണ് ഇത്. അമേരിക്കയുടെ ലോകചാമ്പ്യന്‍കൂടിയായ സാം ഗ്രേവിനാണ് വെള്ളി. ഇന്ത്യയുടെതന്നെ വരുണ്‍സിങ് ഭാട്ടി വെങ്കലം നേടിയപ്പോള്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മറ്റൊരു ഇന്ത്യന്‍താരം ശരദ്കുമാര്‍ ആറാം സ്ഥാനത്തായി.
നേരത്തെ മുരളികാന്ത് പേട്കര് (1972, നീന്തല്‍), ദേവേന്ദ്ര ജജാരിയ (2004, ജാവലിന്‍) എന്നിവരാണ് ഇന്ത്യക്കു വേണ്ടി പാരാലിമ്പിക്സില്‍ സ്വര്‍ണം നേടിയവര. മാരിയപ്പന് 1.89 മീറ്റര്‍ ചാടിയപ്പോള്‍ സാം ഗ്രേവ് 1.86 ല്‍ പിന്നിട്ട് രണ്ടാമതെത്തി. വരുണ്‍ സിങ് അത്ര തന്നെ ദൂരം പിന്നിട്ടെങ്കിലും കൂടുതല്‍ അവസരങ്ങള്‍ വേണ്ടിവന്നതിനാല്‍ മൂന്നാം സ്ഥാനത്തായി.
തമിഴ്നാട്ടിലെ സേലം ജില്ലയില്‍ പെരിയവടകംപട്ടി സ്വദേശിയാണ് ഇരുപത്തിരണ്ടുകാരനായ മാരിയപ്പന്. തീരെ ചെറിയ പ്രായത്തില്‍ കുടുംബത്തെ ഉപേക്ഷിച്ചുപോയതായിരുന്നു മാരിയപ്പന്റെ അച്ഛന് തങ്കവേലു. പിന്നീട് നാലു മക്കളടങ്ങിയ വീട് പോറ്റിയത് സരോജയുടെ കൈകള്‍. പച്ചക്കറി വിറ്റും അയല്പക്കത്തെ വീടുകളില്‍ അടുക്കളപ്പണി ചെയ്തും മക്കള്‍ക്ക് പഠിക്കാനും മാരിയപ്പന് പരിശീലിക്കാനും പണമുണ്ടാക്കി.
അഞ്ചാം വയസ്സില്‍ സ്കൂളിലേക്ക് പോകുംവഴി സ്റ്റേറ്റ് ബസ് പാഞ്ഞുകയറി വലതുകാല്‍ തകര്‍ന്ന മാരിയപ്പന്റെ കഥ ദൗര്ഭാഗ്യത്തോടും വൈലക്യത്തോടുമുള്ള തോല്‍ക്കാത്ത പോരാട്ടത്തിന്റെ ചരിത്രമാണ്. ആശുപത്രിയിലും അപകടത്തിന്റെ കേസ് നടത്തിക്കാന്‍ വക്കീലിനും പണംനല്‍കാന്‍ ഓടിനടന്നു പണിയെടുത്ത് അമ്മ സരോജം മാരിയപ്പനെ കളിക്കളത്തിലും കായിക മത്സരങ്ങളിലും എത്തിച്ചു.
തന്റെ സ്വര്‍ണനേട്ടത്തിന് മുഴുവന്‍ ക്രെഡിറ്റും ആദ്യം മാരിയപ്പന് നല്‍കിയത് അമ്മക്കും പരിശീലകന് സത്യനാരായണക്കുമാണ്. തമിഴ്നാട് സ്പോര്‍ട്സ് അതോറിറ്റിയുടെ പരിശീലകന് കെ ഇളംപരിത്തിനു കീഴിലായിരുന്നു ആദ്യ പരിശീലനം. സംസ്ഥാനത്തിനുവേണ്ടി 2013 ല്‍ ദേശീയ പാര അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കവേ മാരിയപ്പന്റെ പ്രകടനം സായ് പരിശീലകന് സത്യനാരായണയുടെ ശ്രദ്ധയില്പ്പത്തോടെയാണ് മാരിയപ്പെന്റെ ജീവിതവും വഴിതിരിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല