1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയും ബ്രസീലുമായുള്ള 1300 കോടി രൂപയുടെ എംബ്രേര്‍ ജെറ്റ് ഇടപാടില്‍ വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വ്യോമസേനക്കു വേണ്ടി ബ്രസീലില്‍നിന്ന് 1300 കോടി രൂപയ്ക്ക് മൂന്ന് എംബ്രേറി ഇഎംബി–145 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ 2008 ലാണ് കരാര്‍ ഒപ്പിട്ടത്. ഇന്ത്യയോടൊപ്പം സൌദിയും ഈ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു.

കരാര്‍ ഉറപ്പിക്കാന്‍ ആയുധ വ്യാപാര ഇടനിലക്കാര്‍ക്ക് കോഴ നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ നീതിന്യായവകുപ്പ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബ്രസീല്‍ പത്രം ‘ഫോല്‍ഹ ഡെ സാവോ പോളോ’ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബ്രേര്‍ കമ്പനിയുടെ കോഴയിടപാടുകളെക്കുറിച്ച് 2010 മുതല്‍ അമേരിക്കന്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായുള്ള ഇടപാടും സംശയത്തിന്റെ നിഴലിലായത്.

എംബ്രേറില്‍നിന്ന് 35 ലക്ഷം ഡോളര്‍ കോഴ വാങ്ങിയതിന് ഡോമിനിക്കന്‍ റിപ്പബ്‌ളിക്കിലെ മുന്‍ പ്രതിരോധമന്ത്രി അറസ്റ്റിലായിരുന്നു. എംബ്രേര്‍ ജെറ്റ് വിമാനങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത റഡാറുകള്‍ ഘടിപ്പിച്ച് വ്യോമനിരീക്ഷണ സംവിധാനമൊരുക്കാനുള്ള ഡിആര്‍ഡിഒ പദ്ധതിയുടെ ഭാഗമായാണ് കരാര്‍ ഉറപ്പിച്ചത്. 2,520 കോടി രൂപയുടെ പദ്ധതിയാണ് ഇതിനുവേണ്ടി തയ്യാറാക്കിയത്.

ബ്രിട്ടനിലുള്ള ഇടനിലക്കാര്‍വഴിയാണ് കോഴകൈമാറ്റം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും സൌദിയും ഉള്‍പ്പെടെ എട്ട് രാജ്യങ്ങളുമായി എംബ്രേര്‍ കരാര്‍ ഉറപ്പിച്ചിരുന്നു. കരാറുകള്‍ ഉറപ്പിക്കാന്‍ കമ്പനി യൂറോപ്പില്‍ പ്രതിനിധിയെ നിയോഗിച്ചിരുന്നതായി എംബ്രേര്‍ സെയില്‍സ് മാനേജര്‍ ആല്‍ബര്‍ട്ട് ഫിലിപ്പ് ക്‌ളോസ് സ്ഥിരീകരിച്ചെന്ന് ബ്രസീല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ ആയുധ വ്യാപാരത്തില്‍ ഇടനിലക്കാരെ നിരോധിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ ഇടനിലക്കാരനെ കണ്ടെത്തുകയായിരുന്നു. ഇടനിലക്കാരനുമായുള്ള കരാര്‍ രഹസ്യമാണെന്ന് ക്‌ളോസ് പറഞ്ഞു. എംബ്രേറിലെ മുതിര്‍ന്ന ജീവനക്കാരാണ് കോഴയിടപാടുകള്‍ പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.