സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് 15 വയസ്, അമേരിക്കയെ ഭിന്നിപ്പിക്കാന്‍ കഴിയില്ലെന്ന് ഒബാമ. 2001 സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിലേക്കും പെന്റഗണിലേക്കും അല്‍ ഖായിദ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചു കയറ്റിയത്. 2750 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമേരിക്കയും സഖ്യ രാജ്യങ്ങളും ഭീകരതെക്കെതിരെ ലോക വ്യാപകമായ പോരാട്ടം ആരംഭിക്കാനും കാരണമായത് ഈ ആക്രമണമായിരുന്നു.
നാല് ദീര്‍ഘദൂര യാത്രാവിമാനങ്ങളാണ് ഭീകരര്‍ ആക്രമണത്തിനുപയോഗിച്ചത്. ആദ്യ വിമാനം ട്രേഡ് സെന്ററിന്റെ ഒന്നാമത്തെ ടവറിലേക്ക് ഇടിച്ചിറങ്ങിയത് രാവിലെ 8.46ന്, പിന്നാലെ രണ്ടാമത്തെ വിമാനം ഇരട്ടഗോപുരങ്ങളില്‍ രണ്ടാമത്തേതിലേക്ക് വന്നിടിച്ച് പൊട്ടിത്തെറിച്ചു. അപ്പോള്‍ സമയം 9.03. 9.37ന് മൂന്നാമത്തെ വിമാനം പെന്റഗണിലേക്ക് ഇടിച്ചിറങ്ങി. നാലാമത്തെ വിമാനം യാത്രക്കാരുമായി പെന്‍സില്‍വാനിയക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു.
20 ലേറെ ഭീകരരാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. നാലു വിമാനങ്ങളില്‍ ഉണ്ടായിരുന്നവരില്‍ ആരും രക്ഷപ്പെട്ടില്ല. ജീവന് രക്ഷിക്കാനായി കെട്ടിടങ്ങളില്‍ നിന്നു ചാടിയപ്പോഴാണ് 200 ലേറെപ്പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്. 411 രക്ഷാപ്രവര്‍ത്തകരും സംഭവത്തില്‍ മരിച്ചു. ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞ ഗ്രൗണ്ട് സീറോ ഇപ്പോള്‍ ആക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ പേറുന്ന മ്യൂസിയമാണ്.
ഭീകരാക്രമണങ്ങള്‍ക്കെതിരെ ഒരുമയോടെ നിലകൊള്ളണമെന്നും രാജ്യത്ത് ഭിന്നതയുണ്ടാകാന്‍ ഇടയാകരുതെന്നും യുഎസ് പ്രസിഡന്റ് ബരാക് ഒബാമ റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞു. ജാതി, മത, വര്‍ഗ, ലിംഗ വ്യത്യാസമില്ലാതെ വൈവിധ്യങ്ങളെ ഉള്‍കൊള്ളുന്ന നിലപാടാണ് യുഎസിനെ വ്യത്യസ്തമാക്കുന്നത്. ആക്രമണങ്ങളെ തടഞ്ഞു. എന്നാല്‍ ഭീകരാക്രമണ ഭീഷണി കെട്ടടങ്ങിയിട്ടില്ല. ഭീകരസംഘടനയായ അല്‍ ഖായിദയ്ക്കും ഐഎസിനുമെതിരെ പോരാട്ടം തുടരുമെന്നും ഒബാമ വ്യക്തമാക്കി.
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സൂത്രധാരന്‍ ഒസാമയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്കിയതും ഒബാമ ഓര്‍ത്തു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 23 ഓഫീസര്‍മാര്‍ക്ക് ആദരവ് അറിയിച്ച് ന്യുയോര്‍ക്ക് പോലീസ് പരേഡ് നടത്തി. 9/11 അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല