സ്വന്തം ലേഖകന്‍: സ്വദേശി ജീന്‍സുമായി ലോക വിപണി പിടിക്കാന്‍ യോഗ ഗുരു ബാബ രാംദേവ്. ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് അടുത്ത വര്‍ഷം ആദ്യം തന്നെ ലോക വിപണികളില്‍ എത്തിക്കുമെന്ന് രാംദേവ് വ്യക്തമാക്കി. അന്തര്‍ദേശീയ വിപണിയിലേക്ക് കൂടുതലായി പ്രവേശിക്കുന്നതിന്റെ ഭാഗമായി വസ്ത്ര വിപണിയിലേക്കും കമ്പനി കടക്കുകയാണ്.
വന്‍കിട വിദേശ ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ കഴിയുന്ന ഉല്‍പന്നങ്ങളാണ് പതഞ്ജലി പുറത്തിറക്കുന്നത്. യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് പതഞ്ജലി ബാന്‍ഡിനുള്ളതെന്നും ഇതാണ് ജീന്‍സ് വിപണിയിലിറക്കാന്‍ കാരണമെന്നും രാംദേവ് വ്യക്തമാക്കുന്നു.
നേപ്പാള്‍, ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ത്തന്നെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണുള്ളതെന്നും രാംദേവ് പറഞ്ഞു.
നിലവില്‍ കാനഡ അടക്കമുള്ള രാജ്യങ്ങളിലും പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്കും ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ ശ്രിക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ ബന്ധം കൂടി കണക്കിലെടുത്തേ എപ്പോള്‍ ഇത് സാധിക്കുമെന്ന് പറയാനാവൂ എന്ന് രാംദേവ് വ്യക്തമാക്കുന്നു.
ദരിദ്ര രാജ്യങ്ങളിലെ വിപണികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഈ രാജ്യങ്ങളില്‍നിന്നുള്ള കമ്പനിയുടെ ലാഭം ഇവിടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ മിഹാനില്‍ 40 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് പുതിയ യൂണിറ്റിനായി ആയിരം കോടിയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല