സ്വന്തം ലേഖകന്‍: ദുബായ് ബുര്‍ജ് ഖലീഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കി ഒരു മലയാളി. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായ് ബുര്‍ജ് ഖലിഫയില്‍ 22 അപ്പാര്‍ട്ട്‌മെന്റുകളാണ് ജിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ ജോര്‍ജ് വി. നെരീപ്പറമ്പിലിന് സ്വന്തമായുള്ളത്. ബുര്‍ജ് ഖലീഫയില്‍ ഏറ്റവും കൂടുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമായുള്ള സ്വകാര്യ വ്യക്തികളില്‍ ഒരാളാണ് ജോര്‍ജ്. 900 അപ്പാര്‍ട്ട്‌മെന്റുകളാണ് 808 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലിഫയില്‍ ഉള്ളത്.
1976 ല്‍ മെക്കാനിക്ക് ആയി ദുബായില്‍ എത്തിയതായിരുന്നു ജോര്‍ജ്. മരുഭൂമിയില്‍ എയര്‍ കണ്ടീഷനറിംഗ് ബിസിനസ് തുടങ്ങിതോടെ ജോര്‍ജിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 2010ല്‍ ബുര്‍ജ് ഖലീഫയില്‍ അപ്പാര്‍ട്ട്‌മെന്റ് വില്‍ക്കാനുണ്ടെന്ന പരസ്യം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ആ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി. താമസം മാറ്റി. തുടര്‍ന്നുള്ള ആറു വര്‍ഷങ്ങളില്‍ ബാക്കി 21 എണ്ണം സ്വന്തമാക്കുകയായിരുന്നു. ഇതില്‍ അഞ്ചെണ്ണം വാടകക്ക് നല്‍കിയിരിക്കുകയാണ് ജോര്‍ജ്.
ബിസിനസ് മെച്ചപ്പെട്ടാല്‍ കൂടുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങാനാണ് ജോര്‍ജിന്റെ പദ്ധതി. കശുവണ്ടി കച്ചവടക്കാരനായിരുന്നു ജോര്‍ജിന്റെ പിതാവ്. കശുവണ്ടിയുടെ തോട് കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് മറിച്ചുവില്‍ക്കുകയായിരുന്നു ബിസിനസ്. പുളിങ്കുരുവില്‍ നിന്ന് മികച്ച കാലിത്തീറ്റയും പരുത്തിക്കുരുവില്‍ നിന്ന് പശയും ഉണ്ടാക്കാമെന്നും അക്കാലത്ത് നാട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു. തന്റെ കണ്ടെത്തല്‍ ഗ്രാമീണര്‍ക്ക് മികച്ച വരുമാനം നല്‍കിയെന്നും ജോര്‍ജ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല