അലക്‌സ് വര്‍ഗീസ്: 1.27 ബില്യണ്‍ വിശ്വാസികളുള്ള കത്തോലിക്കാ സഭയില്‍, അംഗസംഖ്യയില്‍ 4.6 മില്യണ്‍ വിശ്വാസികളുമായി മൂന്നാം സ്ഥാനത്താണ് സീറോ മലബാര്‍ സഭയുടെ സ്ഥാനം. ഒരേ വിശ്വാസവും വ്യത്യസ്ത ആരാധനാപാരമ്പര്യങ്ങളുമായി 23 സ്വയാധികാര വ്യക്തിസഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാ തിരുസഭ. ഏറ്റവും വലിയ അംഗബലമുള്ള ലാറ്റിന്‍ കത്തോലിക്കാ റീത്ത് കഴിഞ്ഞാല്‍ 5,300,000 അംഗങ്ങളുള്ള ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയാണ് വിശ്വാസികളുടെ എണ്ണത്തില്‍ രണ്ടാമത്.
46 ലക്ഷത്തിലധികമുള്ള സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ നിസ്തുലമായ നേതൃത്വത്തിന്റെയും അദ്ദേഹത്തിന്റെ സഹമെത്രാന്മാരുടെയും വൈദികരുടെയും അല്‍മായ വിശ്വാസികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപത ജന്മമെടുക്കുന്നത്.തന്റെ മുന്‍ഗാമികളെ പോലെ തന്നെ റോമുമായും മാര്‍പാപ്പയുമായുള്ള ആഴമായ ബന്ധവും മറ്റ് സഭകളോടും സൂക്ഷിക്കുന്ന സമാധാനപരമായ കൂട്ടായ്മയും സീറോ മലബാര്‍ സഭയുടെ വിശ്വാസപാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിലെ നിതാന്ത ജാഗ്രതയും സമര്‍ഥമായ നേതൃത്വത്തിന് മാര്‍ ആലഞ്ചേരിയെ പ്രാപ്തനാക്കുന്നു.
സീറോ മലബാര്‍ സഭയില്‍ നിന്ന് പ്രവാസികളായി, കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തും താമസിക്കുന്നവരെ സന്ദര്‍ശിച്ച് ആവശ്യമായ അജപാലന സൗകര്യങ്ങള്‍ ക്രമപ്പെടുത്തുവാന്‍ ഈ വലിയ പിതാവ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിജയമാണ് അമേരിക്കയിലും മെല്‍ബണിലും കാനഡയിലും ഇപ്പോള്‍ ബ്രിട്ടണിലും പുതിയ രൂപതകളുടെ സ്ഥാപനത്തില്‍ തെളിഞ്ഞു കാണുന്നത്.
പൗരസ്ത്യ സഭാപാരമ്പര്യത്തില്‍ പെട്ട മറ്റ് സഹോദരങ്ങസഭകളുമായും സീറോ മലബാര്‍ സഭ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പ്രത്യേക ക്ഷണപ്രകാരം, സീറോ മലബാര്‍ സഭയുടെ സഭാവിജ്ഞാനീയം കരുണയുടെ വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തെ അധീകരിച്ച്, ഉക്രേനിയന്‍ സഭാ സിനഡില്‍ അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനും പാലാ രൂപത മെത്രാനുമായ മാര്‍. ജോസഫ് കല്ലറങ്ങാട്ട് പ്രബന്ധമവതരിപ്പിച്ചിരുന്നു.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവടങ്ങളിലായി കഴിഞ്ഞ 15 വര്‍ഷത്തിലധികമായി, പ്രവാസികാര്യ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍. സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവിന്റെയും നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. തോമസ് പാറയടിയുടെയും അനേകം വൈദികരുടെയും നേതൃത്വത്തില്‍ നടന്ന അജപാലന പ്രവര്‍ത്തനങ്ങള്‍ക്കാണ് ആഗോള സഭയുടെ അംഗീകാരമായി പുതിയ രൂപത അനുവദിക്കപ്പെട്ടിരിക്കുന്നത്.
ഒക്ടോബര്‍ 9ന് പ്രസ്റ്റണ്‍ നോര്‍ത്ത് ഏന്‍ഡ് സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്ന മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളിലും രൂപതാ ഉത്ഘാടനത്തിലും പങ്കെടുക്കുവാന്‍ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ഒരുക്കങ്ങള്‍ എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലും ബഹു. വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ നടന്നു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല