1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2016

സുജു ജോസഫ്: ലോക മലയാളികളുടെ സാംസ്‌ക്കാരിക ചിന്തകളുടെയും വിചിന്തനങ്ങളുടെയും ഭാഗമായി മാറിക്കഴിഞ്ഞ ‘ജ്വാല’ ഇമാഗസിന്‍ സെപ്റ്റംബര്‍ ലക്കം പുറത്തിറങ്ങി. യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്‌ക്കാരിക വിഭാഗമായ ‘യുക്മ സാംസ്‌ക്കാരികവേദി’ പ്രസിദ്ധീകരണമായ ‘ജ്വാല’യുടെ ഇരുപത്തിമൂന്നാം ലക്കമാണ് വായനക്കാരുടെ മുന്നിലേക്കെത്തുന്നത്.

ചീഫ് എഡിറ്ററും ‘ജ്വാല’യുടെ ഓരോ ലക്കത്തിന്റെയും പിറകിലെ ശില്പിയുമായ ശ്രീ.റജി നന്തികാട്ടിന്റെ പിതാവിന്റെ ആകസ്മികമായ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിനുണ്ടായ അസൗകര്യങ്ങള്‍ പോലും കണക്കിലെടുക്കാതെ സെപ്റ്റംബര്‍ ലക്കവും കൃത്യമായി അണിയിച്ചൊരുക്കിയ ആത്മാര്‍ഥത തികച്ചും അഭിനന്ദനീയമാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ. ഫ്രാന്‍സിസ് മാത്യു, ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം എന്നിവര്‍ പറഞ്ഞു. ശ്രീ.റജിയുടെ പിതാവിന്റെ നിര്യാണത്തില്‍ യുക്മ ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

പതിവുപോലെ തന്നെ എഡിറ്റോറിയലോടുകൂടി ആരംഭിക്കുന്ന വായനാനുഭവം ഓണനിലാവിന്റെ കുളിരോടെ അനുവാചകരിലേക്കു കിനിഞ്ഞിറങ്ങുന്നു. എല്ലാ മലയാളികള്‍ക്കും തിരുവോണാശംസകള്‍ നേരുന്നതിനോടൊപ്പം സാമൂഹ്യാവബോധത്തിന്റെ ഉണര്‍ത്തുപാട്ടുകൂടിയാവുന്നു ശ്രീ.റജി നന്തികാട്ടിന്റെ ഈ ലക്കത്തിലെ എഡിറ്റോറിയല്‍. ബാബു ആലപ്പുഴയുടെ ‘മുത്തുവിന്റെ വീട്’ എന്ന കഥയില്‍ അനാഥത്വത്തിന്റെ വിഹ്വലതകളും നെടുവീര്‍പ്പുകളും ഉയര്‍ന്നു കേള്‍ക്കുന്നു. തുടര്‍ന്നു വരുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ ചെറു കവിത ‘ട്യൂഷന്‍’ അനുവാചകരില്‍ കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. നാടക ശാഖയുടെ വളര്‍ച്ചാ പരിണാമങ്ങള്‍ വിവരിക്കുന്ന വി.കെ.പ്രഭാകരന്റെ ‘അരങ്ങിലെ ദിശാസൂചികള്‍’ എന്ന ലേഖനം സാമൂഹ്യ നവോഥാനത്തില്‍ നാടകവേദികളുടെ സംഭാവനകളും ചര്‍ച്ച ചെയ്യുന്നു.

വായനയുടെ താളുകള്‍ മറിക്കുമ്പോള്‍ അടുത്തതായി അജിത തമ്പിയുടെ കവിത ‘പ്രണയത്തെപ്പറ്റി പഴയമട്ടില്‍’ കാണാകുന്നു. സുസ്‌മേഷ് ചന്ദ്രോത്തിന്റെ ‘ഓര്‍മ്മകളുടെ കാവ്യനീതി’ എന്ന അനുഭവ വിവരണം, സ്വാനുഭവമാണോ കഥയാണോ എന്ന് വായനക്കാരുടെ ഉള്ളില്‍ വാഗ്വാദം സൃഷ്ടിക്കുന്ന വാങ്മയ വിസ്മയം തന്നെയാണ്. പ്രശസ്ത ചിത്രകാരനായ ശ്രീ.ജി.രാജേന്ദ്രനുമായി സുരേഷ് കൂത്തുപറമ്പ് നടത്തുന്ന ‘കേരളീയ ചിത്രകലയുടെ വര്‍ത്തമാനം’ എന്ന അഭിമുഖം കഴിഞ്ഞ തലമുറയിലെ ചിത്രകലാ രംഗത്തിന്റെ ഒരു നേര്‍ക്കാഴ്ചയാകുന്നു, ഒപ്പം വര്‍ത്തമാനകാലത്തിന്റെ മാറിയ സാഹചര്യങ്ങളുമായി ഒരു താരതമ്യ പഠനവും.

ദേവസേനയുടെ കവിത ‘804 ലെ ഷീല പറഞ്ഞത്’ നു ശേഷം പി.സോമനാഥന്റെ ‘പോയമര്യാദകള്‍ ആനപിടിച്ചാലും കിട്ടില്ല’ എന്ന ലേഖനം ആസ്വാദകര്‍ക്ക് മുന്നില്‍ എത്തുന്നു. ഗ്രാമത്തിന്റെ ചില നല്ല ശീലങ്ങള്‍ കൈമോശം വന്നു എന്ന തിരിച്ചറിവ് നമ്മില്‍ നഷ്ടബോധം ഉണര്‍ത്തുകതന്നെ ചെയ്യും. ഒപ്പം മറവിയുടെ മാറാലകള്‍ക്കിടയില്‍ എവിടെയോ മറഞ്ഞുകിടന്നിരുന്ന ചില നന്മനിറഞ്ഞ ശീലങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ഒരു അവസരവും.

ആശുപത്രി കിടക്കയില്‍വച്ചുണ്ടായ ഹൃദയസ്പര്‍ശിയായ ഒരു അനുഭവം ഹൃദയത്തിലെ നന്മയോടു ചേര്‍ത്തുവച്ചു വിവരിക്കുന്ന ഇ.ഹരികുമാറിന്റെ ‘ജന്മാന്തരങ്ങള്‍ക്കപ്പുറത്തുനിന്നൊരു വിളി’ എന്ന അനുഭവ വിവരണം അതീവഹൃദ്യമാണ്. തുടര്‍ന്ന് വരുന്നത് ശിഹാബുദീന്‍ പൊയ്ത്തുംകടവിന്റെ ‘നിഴല്‍’ എന്ന വ്യത്യസ്തമായ ഒരു കവിതയാണ്. ‘ജ്വാല’ സെപ്റ്റംബര്‍ ലക്കത്തിലെ അവസാന വായനക്കായി എത്തുന്നത് പി.സോമലതയുടെ ‘ഒറ്റമുലച്ചി’ എന്ന കഥയാണ്.ആസ്വാദകന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ശക്തമായ ഭാഷയും കൃത്യതയാര്‍ന്ന ആഖ്യാന ശൈലിയും ഈ കഥ നല്ലൊരു വായനാനുഭവം പകര്‍ന്നു തരും എന്നതില്‍ സംശയമില്ല.

ഷെഫീല്‍ഡില്‍ നിന്നുള്ള ഡോണ വിന്‍സന്റ് ആണ് സെപ്റ്റംബര്‍ ലക്കം ‘ജ്വാല’യുടെ മുഖചിത്രം. യുക്മ ദേശീയ കലാമേളയില്‍ തിരുവാതിരക്കും സമൂഹഗാനത്തിനും ഒന്നാം സ്ഥാനം നേടിയിട്ടുള്ള ഡോണയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് ‘ബെറ്റര്‍ ഫ്രെയ്മിസ്, യുകെ’യുടെ രാജേഷ് നടേപ്പിള്ളിയാണ്.കൃത്യതയോടെ തെരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ക്കൊപ്പം, അതിമനോഹരങ്ങളായ ചായക്കൂട്ടുകള്‍കൊണ്ട് വിഷയത്തിന് അനുയോജ്യമായ രംഗപടം ഒരുക്കി ലോകമലയാളി ഇമാഗസിനുകളില്‍ എല്ലാ അര്‍ത്ഥത്തിലും ‘ജ്വാല’ ഗണനീയമായ സ്ഥാനം ഉറപ്പിക്കുന്നു എന്ന് നിസംശയം പറയാന്‍ കഴിയും.

jwalaemagazine@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ‘ജ്വാല’യിലേക്ക് കൃതികള്‍ അയക്കാവുന്നതാണ്. സെപ്റ്റംബര്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

https://issuu.com/jwalaemagazine/docs/september_2016

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.