അപ്പച്ചന് കണ്ണഞ്ചിറ: സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ നേതൃത്വം നല്കിയ ഓണോത്സവത്തിന് പ്രൗഢഗംഭീരമായ പരിസമാപ്തി. ഓണാഘോഷത്തോടനുബന്ധിച്ചു ഒരുമാസത്തിലേറെയായി നിറഞ്ഞു നിന്ന ഇന്‍ഡോര്‍ഔട്ട്ഡോര്‍ മത്സരങ്ങളും, ഓണക്കളികളും, കലാപരിപാടികളുടെയും,ഗാനമേളയുടെയും മറ്റും ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചു അരങ്ങേറിയ ‘സര്‍ഗ്ഗം പൊന്നോണം2016’ ഓണാഘോഷ വേദിയായ ബാര്‍ക്ലെയ്സ് സ്കൂള്‍ ഓഡിറ്റോറിയത്തെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു .അറുപതോളം വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ വിഭവങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ അത് ആസ്വാദക ലോകത്തിനു ഉത്സവം തന്നെയായി. മുഴുദിന പരിപാടികള്‍ സമ്മിശ്രമായി കോര്‍ത്തിണക്കി ആകര്‍ഷകമായി അണിയിച്ചോരുക്കിയ പൊന്നോണ ആഘോഷത്തില്‍ സംഘാടക സമിതിക്കു തികച്ചും അഭിമാനം കൊള്ളാം.
വര്‍ണ്ണാഭമായ ഓണപ്പൂക്കളം ഇട്ടുകൊണ്ട് തുടങ്ങിയ ആഘോഷത്തില്‍ പുലിക്കളിയുടെയും, ചെണ്ടമേളത്തിന്റെയും,മുത്തുക്കുടകളുടെയും അകമ്പടിയോടെ ആര്‍പ്പു വിളികളാല്‍ വരവേറ്റ മാവേലി മന്നന് ആള്‍ക്കൂട്ടത്തിനിടയിലൂടെ ഹസ്തദാനം നല്കി സ്റ്റേജില്‍ എത്തി നിലവിളക്ക് തെളിച്ചു കൊണ്ട് പ്രൌഡ ഗംഭീരമായ ഓണോത്സവ കൊട്ടിക്കലാശത്തില്‍ സര്‍ഗ്ഗം ഭാരവാഹികള്‍ക്കൊപ്പം ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
1930 കളില്‍ മുതല്‍ ഓണാഘോഷങ്ങളില്‍ പങ്കുചേരുവാന്‍ അനുഗ്രഹിക്കപ്പെട്ട ശ്രീ സി.സി.കുഞ്ഞിരാമന് നമ്പ്യാര്‍, കിംഗ് ജോര്‍ജ്ജ് അഞ്ചും,ആറും ഭരണ കാലഘട്ടത്തിലും,രണ്ടാം ലോകമഹായുദ്ധമടക്കം,ഭാരത സ്വാതന്ത്ര പോരാട്ട നാളുകളിലും ശേഷവും പങ്കെടുത്ത ഓണാഘോഷ അനുസ്മരണകള്‍ സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ക്ക് അവാച്യമായ അനുഭവമായി മാറി.കണ്ണൂരുകാരനായ റിട്ടയേഡ് അദ്ധ്യാപകന് നമ്പ്യാര്‍ സാര്‍ തന്റെ പേരക്കുട്ടികളെ സന്ദര്‍ശിക്കുവാനായി ലണ്ടനില്‍ എത്തിയതായിരുന്നു.
കേരള തനിമയില്‍ തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ തൂശനിലയില്‍ വിളമ്പുമ്പോള്‍ ആവോളം രുചിച്ച സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ക്കു സംഗീത സാന്ദ്രത പകര്‍ന്ന ഗാനമേളയും,ഇടതടവില്ലാതെ മാറി മാറി പകര്‍ന്നു നല്കിയ പാട്ടും,ഡാന്‍സും,സ്ക്രിപ്റ്റും,ഓണപ്പാട്ടുകളും,മികവുറ്റ തിരുവാതിരയും ഉള്‍ക്കൊണ്ട പൂര്‍ണ്ണത നിറഞ്ഞ കലാ വിരുന്നും പൊന്നോണം 2016 നെ അവിസ്മരണീയമാക്കി.സര്‍ഗ്ഗം കുടുംബാംഗങ്ങളില്‍ നിന്നും 2016 ല്‍ ജീ.സീ.എസ്. ഇ, എലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവരെ തഥവസരത്തില്‍ സമ്മാനങ്ങള്‍ നല്കി അനുമോദിച്ചു.പൊന്നോണം 2016 ലെ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തപ്പെട്ടു.
സര്‍ഗ്ഗം പ്രസിഡണ്ട് ജോണി കല്ലടാന്തിയില്‍ സ്വാഗതം ആശംശിച്ചു. ഖജാന്‍ജി തോമസ് അഗസ്റ്റിന് നന്ദി പ്രകാശിപ്പിച്ചു.റിച്ചി മാത്യു, ഡാനിയേല്‍ മാത്യു, സജീവ് ദിവാകരന്,ജിബിന്‍, അജയഘോഷ്, മെല്വിന്,മനോജ് സെബാസ്റ്റിയന്,സിജോ ജോസ്,സിബി ഐസക്,ഷൈനി ബെന്നി എന്നിവര്‍ ഓണാഘോഷത്തിന് നേതൃത്വം നല്കി.
ഇവാ റിച്ചി തിരുവോണ ആഘോഷത്തില്‍ ആമുഖമായി നടത്തിയ വ്യത്യസ്തത നിറഞ്ഞ അവതരണം ശ്രദ്ധേയമായി.ബോസ് ലൂക്കോസ് മുഖ്യ അവതാരകനായും, ജെയ്മ്സണ്‍ തോമസ്,ഷെഫിന് സാജു,
ടാനിയാ തങ്കച്ചന്,നിഖിതാ ജോഷി എന്നിവര്‍ സഹ അവതാരകരായും തിളങ്ങി.നാനൂറോളംപേര്‍ പങ്കെടുത്ത അവിസ്മരണീയമായി നിറഞ്ഞാസ്വദിച്ച സര്‍ഗ്ഗം ഓണോത്സവം രാവിലെ 10:00 മണി മുതല്‍ വൈകുന്നേരം 7:00 മണി വരെ നീണ്ടു നിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല