സ്വന്തം ലേഖകന്‍: ടൊറോന്റോ ഫലിം ഫെസ്റ്റിവലില്‍ ഫ്രഞ്ച് സിനിമ കണ്ട കാണികള്‍ പേടിച്ച് ബോധംകെട്ടു. ‘റോ’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് കാണികളില്‍ പലരും മോഹാലസ്യപ്പെട്ടു വീണത്. സംഭവത്തെ തുടര്‍ന്ന് തീയറ്ററിന് മുന്നില്‍ ആംബുലന്‍സുകളുടെ നീണ്ട നിരയും പ്രത്യക്ഷപ്പെട്ടു.
ബോധംകെട്ടു വീണവര്‍ക്ക് വൈദ്യസഹായം നല്‍കാനായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം തന്നെ തീയറ്ററില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. നരഭോജിയായി മാറുന്ന യുവതിയുടെ കഥപറയുന്ന ചിത്രമാണ് ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ‘റോ’. സസ്യാഹാരം മാത്രം ശീലിച്ചിരുന്ന യുവതി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു മുയലിന്റെ കരള്‍ തിന്നുകയും ഇതേതുടര്‍ന്ന് ഇവര്‍ മനുഷ്യ മാംസത്തിന് അടിമപ്പെടുന്നതുമാണ് ചിത്രം.
ഫിലിം ഫെസ്റ്റിവലില്‍ മിഡ് നൈറ്റ് മാഡ്‌നസ്സ് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രക്തരൂക്ഷിതമായ രംഗങ്ങള്‍ കണ്ടപ്പോള്‍ കാണികളില്‍ ചിലര്‍ തളര്‍ന്നു വീഴുകയും തുടര്‍ന്ന് സംഘാടകര്‍ ഇവര്‍ക്ക് വൈദ്യസഹായം ഒരുക്കുകയുമായിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ഫിപ്രസി’പുരസ്‌കാരം നേടിയ ‘റോ’ മികച്ച അഭിപ്രായം നേടിയ ചിത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല