ബോണ്‍മൗത്ത്: ഒക്ടോബര്‍ എട്ടാം തിയതി ബോണ്‍മൗത്തില്‍ നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ പതിനൊന്നിന് ബോണ്‍മൗത്തില്‍ നടന്ന റീജിയണല്‍ പൊതുയോഗത്തില്‍ യുക്മ ദേശീയ ജനറല്‍ സെക്രെട്ടറി ശ്രീ സജീഷ് ടോം ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. യുക്മ ദേശീയ നിര്‍വ്വാഹക സമിതി അംഗം ശ്രീ ടിറ്റോ തോമസും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ഡോര്‍സെറ്റ് മലയാളി അസോസിയേഷന് ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രസിഡന്റ് സുജു ജോസഫ് ചെയര്‍മാനായും ഡോര്‍സെറ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് തോമസ് ജോര്‍ജ് വൈസ് ചെയര്‍മാനായും റീജിയണല്‍ സെക്രട്ടറി കെ.എസ്.ജോണ്സണ് ജനറല്‍ കണ്‍വീനറുമായുള്ള കലാമേള സംഘാടക സമിതി രൂപീകരിച്ചു. ശ്രീ സജീഷ് ടോം ഉപദേശക സമിതി ചെയര്‍മാനായും ശ്രീ ടിറ്റോ തോമസ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാനുമായുള്ള സമിതിയില്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി ട്രഷറര്‍ എബിന് ജോസും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി വൈസ് പ്രസിഡന്റ് വര്‍ഗീസ് ചെറിയാനും ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ ആയി ശ്രീ ഷോബന്‍ ബാബുവും ചുമതലകള്‍ ഏറ്റെടുത്തു. മറ്റ് കമ്മിറ്റി അംഗങ്ങളായി ലാലിച്ചന്‍ ജോര്‍ജ്, ജോ സേവ്യര്‍, ജിജി ജോണ്സണ്, സില്‍വി ജോസ്, സജി ലൂയിസ്, അനീഷ് ജോര്‍ജ്, മനോജ് രാമചന്ദ്രന്, കോശിയാ ജോസ്, രാജേഷ് തമ്പി, സജിമോന്‍ സേത്തു, മനോജ് വേണുഗോപാല്‍ തുടങ്ങിയവരും അംഗ അസോസിയേഷനുകളുടെ പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരും സംഘാടക സമിതിയില്‍ പ്രവര്‍ത്തിക്കും.
പരിപാടികളുടെ സുഗമമായ നടത്തിപ്പിനും സമയബന്ധിതമായി പരിപാടികള്‍ തീര്‍ക്കുന്നതിനും രജിസ്ട്രേഷന് നടപടികള്‍ ഒക്ടോബര്‍ അഞ്ചാം തിയതി തന്നെ നടത്തി തീര്‍ക്കുന്നതായിരിക്കും. കൂടാതെ കലാമേളയോടനുബന്ധിച്ച് ജി സി എസ് ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയവര്‍ക്കും മികച്ച അസ്സോസിയേഷനുകള്‍ തുടങ്ങിയവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുന്നതാണ്. ബോണ്‍മൗത്തിലെ പ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് സ്കൂളില്‍ വച്ചാണ് ഇത്തവണത്തെ റീജിയണല്‍ കലാമേള സംഘടിപ്പിക്കുന്നത്. വിശാലമായ കാര്‍ പാര്‍ക്കിഗ് സൗകര്യങ്ങളോടുകൂടിയ കലാമേള നഗര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് തികച്ചും സൗകര്യപ്രദമാകും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. മിതമായ നിരക്കില്‍ കേരളീയ വിഭവങ്ങളുടെ ഭക്ഷണ ശാലകളും കലാമേള നഗറില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല