ജോസ് പുത്തന്‍കളം: ക്‌നാനായ തിരുന്നാള്‍; നയനമനോഹരമായ ചാപ്ലയന്‍സി കലാസന്ധ്യ. പ്രഥമ ക്‌നാനായ തിരുന്നാളിന് യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ ഒരുങ്ങുമ്പോള്‍ തിരുന്നാളിന് മോടി കൂട്ടുവാന്‍ സെന്റ്. ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്‌കൂളും ഭക്ത സംഘടനകളും സംയുക്തമായി നടത്തപ്പെടുന്ന കലാസന്ധ്യ നയന മനോഹരമാകും. വര്‍ണ്ണങ്ങള്‍ വാരി വിതറി, മനസിന് കുളിര്‍മയേകുന്ന നയന മനോഹരമായ സ്വാഗത നൃത്തം കാണികളില്‍ ആവേശം വിതറും. സഭാ സമുദായ സ്‌നേഹം നെഞ്ചിലഗ്‌നിയായി, വിശ്വാസ പൈതൃകം കാത്ത് പരിപാലിക്കുകയും നന്മയുടെ നെല്‍വിത്തുകള്‍ ലോകമെങ്ങും പാറി ഫലപുഷ്ടമായ ജനതയെ രൂപപ്പെടുത്തുന്നതിന് മുഖ്യ പങ്ക് വഹിക്കുന്ന ക്‌നാനായ കത്തോലിക്കരുടെ യൂറോപ്പിലെ ഏക ചാപ്ലയന്‍സിയിലെ പ്രഥമ തിരുനാളാണ് ഒക്ടോബര്‍ ഒന്നിന് നടത്തപ്പെടുന്നത്.
മൂന്നു വൈദികമേലധ്യക്ഷന്മാരുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതമാകുന്ന ക്‌നാനായ തിരുന്നാളിന് യുകെയെമ്പാടും ഉള്ള ക്‌നാനായ വിശ്വാസികള്‍ പങ്കെടുക്കും. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷ്രൂസ്ബറി രൂപതാധ്യക്ഷന്‍ മാര്‍. മാര്‍ക്ക് ഡേവീസ് എന്നീ വൈദിക മേലധ്യക്ഷന്മാരും നിരവധി വൈദികരും തിരുവസ്ത്രങ്ങളണിഞ്ഞു പ്രദക്ഷിണമായി പുഷ്പാലംകൃത ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. സ്‌നേഹവിരുന്നിന് ശേഷം നടത്തപ്പെടുന്ന ചാപ്ലയന്‍സി കലാസന്ധ്യ എന്നെന്നും മനസ്സില്‍ സൂക്ഷിക്കത്തക്കവിധമുള്ള ഏറ്റവും മികച്ച മെഗാഷോയാണ് ക്‌നാനായ തിരുന്നാളിനോട് അനുബന്ധിച്ചു നടത്തപ്പെടുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയാല്‍ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല