സൌത്താംപ്ടന്‍: സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സൌത്താംപ്ടന്‍ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടന്ന ത്രിദിന കുടുംബനവീകരണ ധ്യാനത്തില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷിതനും, സംഗീതസംവിധായകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ശ്രീ സണ്ണി സ്റ്റീഫന്‍, തിരുവചനത്തിലൂടെയും പ്രായോഗിക ജീവിതപാ0ങ്ങളിലൂടെയും ആത്മാവിന്റെ ആഴങ്ങളില്‍ തൊട്ട്, പുതിയ കാലത്തിന്റെ ജീവിത വഴികള്‍ക്ക് വെളിച്ചം നല്‍കുന്ന വചനവിരുന്ന് നല്‍കി.
‘ആദിസ്‌നേഹത്തിലേയ്ക്ക് മടങ്ങിപ്പോയി ചോദ്യങ്ങള്‍ ഒന്നുകൂടി ആവര്‍ത്തിക്കുക. ആദ്യനാള്‍ പങ്കാളിയെ ചേര്‍ത്തുപിടിച്ചപ്പോള്‍ ഉണ്ടായിരുന്ന സ്‌നേഹമിന്നുണ്ടോ? കുഞ്ഞ് ജനിച്ചപ്പോള്‍ ഉണ്ടായിരുന്ന ആഹ്ലാദമിന്നുണ്ടോ? ഒരു തൊഴില്‍ ലഭിച്ചപ്പോള്‍, അന്നുണ്ടായിരുന്ന സന്തോഷമിന്നുണ്ടോ? പ്രണയമോ, ഭക്തിയോ, വാത്സല്യമോ എന്തുമാകട്ടെ ജീവിതത്തിന്റെ ഊഷ്മളതകളെല്ലാം ചോര്‍ന്നു പോയവര്‍ ശരിക്കും ജീവിക്കുന്നുണ്ടോ? നമ്മുടെ ആന്തരിക ആകാശം കുറേക്കൂടി വികാസം പ്രാപിക്കണം.
ജീവിക്കുകയെന്നതിന് മനുഷ്യോചിതമായി വ്യാപരിക്കുക എന്നുകൂടി അര്‍ത്ഥമുണ്ട്. ചെറിയ നീരസങ്ങളെ നീട്ടിപ്പറഞ്ഞ് നീറ്റലുണ്ടാക്കിയും അര്‍ഹതപ്പെട്ടവരുടെ സന്തോഷങ്ങളെ വിലമതിക്കാതെ, ദുശ്ശീലങ്ങള്‍ക്കും, അഹങ്കാരത്തിനും, ആര്‍ഭാടത്തിനും അടിമപ്പെട്ട് ഉത്തരവാദിത്വത്തില്‍ നിന്ന് വഴി മാറി നടക്കുന്നവരുടെ എണ്ണം പെരുകുന്നു. കുടുംബജീവിതം ഒരു വിരുന്നുശാലയാണ്. വിഭവങ്ങളുടെ ബാഹുല്യമല്ല, വിളമ്പുന്നവരുടെ കരുതലും കരുണയുമാണ് വിരുന്നുകളുടെ രുചിയും സന്തോഷവും. അത് എന്നും നിലനില്‍ക്കുവാന്‍ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും, ഉപാധികളില്ലാത്ത സ്‌നേഹവുമാണ് പ്രധാന’ മെന്നു സണ്ണി സ്റ്റീഫന്‍ തന്റെ വചനവിരുന്നില്‍ സന്ദേശം നല്‍കി.
‘വളരെ ശാന്തമായ ഒരു ധ്യാന അന്തരീക്ഷത്തില്‍ പങ്കെടുത്തവരുടെ ആന്തരിക ജീവിതത്തെ പ്രകാശിപ്പിച്ച വചനശുശ്രൂഷ’ യായിരുന്നെന്ന് സീറോമലബാര്‍ സഭയുടെ പോര്‍ട്‌സ്‌മൌത്ത് രൂപതാ ചാപ്ലിന്‍ റവ. ഫാ. ടോമി ചിറക്കല്‍ മണവാളന്‍ തന്റെ കൃതജ്ഞതാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ബ്രദര്‍ വിത്സണ്‍ ജോണ്‍, റെജി ടോം എന്നിവര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഷിബു തളിയപറമ്പില്‍, സൈമണ്‍ ജേക്കബ്, റോയി തോമസ് എന്നിവര്‍ ധ്യാനത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു. ബ്രദര്‍ ജോസഫ് യുവജനങ്ങള്‍ക്ക് ക്ലാസ്സ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല