സ്വന്തം ലേഖകന്‍: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവനുണ്ടോ? രഹസ്യം തിങ്കളാഴ്ച പുറത്തുവിടുമെന്ന് നാസ. സൗരയൂധത്തില്‍ ജീവന് ഉണ്ടാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം യൂറോപ്പയെക്കുറിച്ച് ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍നിന്ന് ലഭിച്ച പുതിയ വിവരങ്ങളാണ് തിങ്കളാഴ്ച നാസ പുറത്തുവിടുക.
യൂറോപ്പയുടെ ഉപരിതലത്തിലുള്ള കട്ടികൂടിയ മഞ്ഞുപാളികള്‍ക്കടിയില്‍ സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ അവിടെ സൂക്ഷ്മജീവികളുണ്ടാവാന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദ്രാവകരൂപത്തിലുള്ള ജലംനിറഞ്ഞ സമുദ്രം യൂറോപ്പയില്‍ ഉണ്ടെന്നത് നാസ സ്ഥിരീകരിച്ചേക്കുമെന്നാണ് സൂചന. ആശ്ചര്യകരമായകാര്യം വെളിപ്പെടുത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ബഹിരാകാശ ഗവേഷണചരിത്രത്തിലെ നിര്‍ണായകമായ വെളിപ്പെടുത്തലാവും അത്.
ഗലീലിയോ ഗലീലിയാണ് 1610 ല്‍ യൂറോപ്പ കണ്ടെത്തിയത്. ഭൂമിയുടെ ഉപഗ്രഹം ചന്ദ്രനേക്കാള്‍ വലിപ്പം കുറഞ്ഞ യൂറോപ്പ സിലിക്കേറ്റ് പാറകളാല്‍ നിര്‍മിതമാണ്. കട്ടിയുള്ള മഞ്ഞുപാളികൊണ്ട് മൂടപ്പെട്ട് കിടക്കുന്ന ഉപരിതലത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കരുതുന്ന സമുദ്രത്തില്‍ ജീവന്റെ സാന്നിധ്യമോ അതിന് ആവശ്യമായ താപനിലയോ ഉണ്ടാകുമെന്നാണ് അനുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല