സ്വന്തം ലേഖകന്‍: തമിഴ് ചിത്രമായ വിസാരണൈ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് ചിത്രം. മികച്ച വിദേശ ഭാഷാ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായാണ് ചിത്രം മത്സരിക്കുക. ധനുഷിന്റെ വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം വെട്രിമാരനാണ് സംവിധാനം ചെയ്തത്. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ വിസാരണൈ പോലീസ് പീഡനമാണ് പ്രമേയമാക്കുന്നത്. കേതന് മേത്ത അധ്യക്ഷനായ ജൂറി വഴി ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ‘വിസാരണൈ’ ഓസ്കര് എന്‍ട്രിയായി തിരഞ്ഞെടുത്തത്. എം. ചന്ദ്രകുമാറിന്റെ ‘ലോക്കപ്പ്’ എന്ന നോവലാണ് ചിത്രത്തിന്റെ അവലംബം. ദിനേഷ്, ആനന്ദി, സമുദ്രക്കനി, ആടുകളം മുരുഗദോസ്, മിഷ ഘോഷല്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. നടന് ധനുഷും വെട്രിമാരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മികച്ച തമിഴ് ഫീച്ചര്‍ ഫിലിം, മികച്ച സഹനടന്‍, മികച്ച എഡിറ്റിങ് എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്കാരം ‘വിസാരണൈ’യ്ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫിബ്രവരിയില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 72 മത്തെ വെനീസ് ചലച്ചിത്ര മേളയിലും ചിത്രം അംഗീകാരം നേടിയിരുന്നു. മലയാളത്തില്‍ നിന്നുള്ള കാട് പൂക്കുന്ന നേരം എന്ന ചിത്രമടക്കം 29 ചിത്രങ്ങളോട് മത്സരിച്ചാണ് വിസാരണൈ ഇന്ത്യയുടെ ഓസ്കര് ചിത്രമായത്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല