സ്വന്തം ലേഖകന്‍: കാബൂളിലെ കശാപ്പുകാരന് അഫ്ഗാന് സര്‍ക്കാരിന്റെ മാപ്പ്, കരാറിനെതിരെ കാബൂളില്‍ വന്‍ പ്രതിഷേധം. കശാപ്പുകാരന് എന്ന് അറിയപ്പെടുന്ന ഇസ്ലാമിസ്റ്റുകളുടെ തലവന്‍ ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ക്കു മാപ്പു നല്കിയ അഫ്ഗാന് സര്‍ക്കാരിന്റെ നടപടിയാണ് പ്രതിഷേധം ആളിക്കത്താന്‍ കാരണമായത്. അഫ്ഗാന് സര്‍ക്കാരും ഹെക്മത്യാര് ഗ്രൂപ്പുമായി ഇന്നലെയാണ് കരാര്‍ ഒപ്പുവച്ചത്.
ഈ സമാധാന കരാര്‍ പ്രകാരം ഹെക്മത്യാറുടെ നേതൃത്വത്തിലുള്ള ഹെസ്ബ് ഇ ഇസ്ലാമിയുടെ നിരവധി പ്രവര്‍ത്തകരെ തടവില്‍നിന്നു വിട്ടയക്കും. പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നെന്നു കരുതപ്പെടുന്ന ഹെക്മത്യാര്‍ക്കു തിരിച്ചുവരാനും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും കരാര്‍ വഴിയൊരുക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഹെക്മത്യാറെ യുഎന്‍ ഭീകരപ്പട്ടികയില്നിന്നു നീക്കം ചെയ്യാന്‍ അഫ്ഗാന് സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
1990 കളിലെ ആഭ്യന്തരയുദ്ധ കാലത്ത് കാബൂളിലെ സാധാരനക്കാരുടെ കൊന്നുതള്ളിയതിനെ തുടര്‍ന്നാണ് ഹെക്മത്യാറിന് കശാപ്പുകാരന് എന്ന പേരു ലഭിച്ചത്. യുദ്ധക്കുറ്റം ചെയ്തയാള്‍ക്കു മാപ്പു നല്കുന്നതു നീതികരിക്കാനാവില്ലെന്നു കാബൂളില്‍ പ്രതിഷേധിച്ചവര്‍ പറഞ്ഞു. എന്നാല്‍ താലിബാന് ഉള്‍പ്പെടെയുള്ള തീവ്രവാദി വിഭാഗങ്ങളും സമാധാനത്തിലേക്ക് തിരിയാന്‍ ഈ കരാര്‍ വഴിതെളിക്കുമെന്ന് അഫ്ഗാന് സര്‍ക്കാര്‍ വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല