1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2016

അലക്‌സ് വര്‍ഗീസ്: സ്‌നേഹസ്വീകരണങ്ങള്‍ ഏറ്റു വാങ്ങി മാര്‍ സ്രാമ്പിക്കല്‍ ന്യൂകാസിലില്‍ സന്ദര്‍ശനം നടത്തി. തുടര്‍ച്ചയായ ദിവസങ്ങളിലെ വിശ്രമമില്ലാത്ത യാത്രകളിലും തളരാതെ നിയുക്ത ഇടയന്‍ മെത്രാഭിഷേകത്തിനും ഔദ്യോഗിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും മുന്‍പായി നടക്കുന്ന പ്രാഥമിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ന്യൂകാസില്‍ പ്രദേശങ്ങളിലാണ് മാര്‍ സ്രാമ്പിക്കല്‍ പര്യടനം നടത്തിയത്. നിറഞ്ഞ പുഞ്ചിരിയുമായി തങ്ങളുടെ അരികിലേക്കെത്തിയ പുതിയ ഇടയനെ ന്യൂകാസില്‍ സീറോ മലബാര്‍ ചാപ്ലയന്‍സിയുടെ ആത്മീയ ഇടയന്‍ റവ. ഫാ. സജി തോട്ടത്തിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് വംശജരായ വൈദികരും നിരവധി അല്മായരുള്‍പ്പടെ സ്‌നേഹാദരവുകളോടെ സ്വീകരിച്ചു.

ഉച്ച തിരിഞ്ഞു മൂന്നു മണിയോടെ സന്ദര്‍ലാന്‍ഡില്‍ എത്തിച്ചേര്‍ന്ന മാര്‍. സ്രാമ്പിക്കലിനെ ഫാ. മൈക്കിള്‍ മക്കോയ് സ്വീകരിച്ചു. സന്ദര്‍ലാന്‍ഡ് സെന്റ്. ജോസഫ്‌സ് ദേവാലയത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ ആരാധന ശുശ്രൂഷയിലും മാര്‍ സ്രാമ്പിക്കല്‍ പങ്കു ചേര്‍ന്നു. തുടര്‍ന്ന് സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലെ കമ്മിറ്റിയംഗങ്ങളെ കണ്ട് ഇടവകയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ജന്മദിനമാഘോഷിക്കുന്ന ന്യൂകാസില്‍ St. Robert & English Mtaryrs ദേവാലയ വികാരി ഫാ. ഷോണ്‍ ഒനീലിനെ സന്ദര്‍ശിച്ചു ആശംസകളര്‍പ്പിച്ച പുതിയ ഇടയന്‍ രോഗബാധിതരായി ഭവനത്തില്‍ വിശ്രമത്തില്‍ കഴിയുന്ന ചില വ്യക്തികളെ ആശ്വസിപ്പിക്കാനും പ്രാര്‍ത്ഥിക്കാനും സമയം കണ്ടെത്തി. തുടര്‍ന്ന് വി. കുര്‍ബ്ബാനയര്‍പ്പിച്ച ശേഷം സെന്റ്. തോമസ് സീറോ മലബാര്‍, ന്യൂകാസില്‍ കൂട്ടായ്മയോട് സംസാരിച്ചു. രാത്രി പത്തരയോട് കൂടി ഫാ. അബ്രിയാന്‍ സിക്‌സനെ സന്ദര്‍ശിച്ചു മൂന്നാം ദിന സന്ദര്‍ശന പരിപാടികള്‍ പൂര്‍ത്തിയാക്കി.

തുടര്‍ച്ചയായ യാത്രകളുടെ ക്ഷീണം അലട്ടുന്നുണ്ടെങ്കിലും പുഞ്ചിരിയോടും സ്‌നേഹത്തോടും കൂടെ സ്വീകരിക്കുന്ന സഭാമക്കളെ കാണുമ്പോള്‍ തന്റെ ക്ഷീണവും മടുപ്പുമെല്ലാം മാറുകയാണെന്ന് നിയുക്ത മെത്രാന്‍ പറഞ്ഞു. മെത്രാഭിഷേകത്തിനു മുന്‍പ് തന്നെ തങ്ങളുടെ വലിയ ഇടയനെ നേരിട്ട് കാണുവാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഓരോ സ്ഥലത്തെയും വിശ്വാസികള്‍. അതോടൊപ്പം ഇംഗ്ലീഷ് വൈദികര്‍ക്ക് സീറോ മലബാര്‍ സഭയോടും സീറോ മലബാര്‍ വിശ്വാസികളോടുമുള്ള വലിയ സ്‌നേഹം മനസിലാക്കാന്‍ ഈ യാത്രകളിലുടനീളം സാധിക്കുന്നുണ്ടെന്ന് മാര്‍ സ്രാമ്പിക്കല്‍ സൂചിപ്പിച്ചു. ഇന്ന് ലീഡ്‌സ് രൂപതയിലാണ് മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശനം നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.